y
ഉദയംപേരൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയായ വീട്

തൃപ്പൂണിത്തുറ: ലൈഫ് ഭവനപദ്ധതിയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ 175 വീടുകൾ നിർമ്മിച്ച് ചരിത്രനേട്ടവുമായി ഉദയംപേരൂർ പഞ്ചായത്ത്. കഴിഞ്ഞ നാലുവർഷംകൊണ്ട് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മികച്ചനേട്ടം കൈവരിച്ചത്. ലൈഫ് വീടുകളുടെ താക്കോൽദാനം ഇന്നു രാവിലെ 11ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

മത്സ്യത്തൊഴിലാളി മേഖലയിൽ 114, പട്ടികവിഭാഗത്തിന് 53, ജനറൽ 96 എന്നിങ്ങനെ 263 വീടുകളാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ചത്. അതിൽ മത്സ്യത്തൊഴിലാളി മേഖലയിൽ 96, പട്ടികവിഭാഗം 47, ജനറൽ 32 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. വീടുകൾ ഏറെയും തീരദേശ പരിപാലന മേഖലയിലായിരുന്നതിനാൽ നിയമക്കുരുക്കുകളെ മറികടന്നുള്ള നിർമാണപ്രവർത്തനങ്ങളാണ് നടത്തിയത്.

ജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും മൂലമാണ് ഇത്രയുംവേഗം ഇവ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും പഞ്ചായത്ത് കൈവരിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നും പ്രസിഡന്റ് സജിത മുരളി പറഞ്ഞു. ഒമ്പതാംവാർഡിൽ നിർമ്മിച്ച ഒന്നാംനമ്പർ സ്മാർട്ട് അങ്കണവാടി കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്യും.