crime

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരനും മൂന്നാം പ്രതിയുമായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ടു വീട്ടിൽ എം.കെ.നാസറിന്റെ (56) ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിച്ചും ജാമ്യം അനുവദിച്ചും ഹൈക്കോടതി ഉത്തരവിട്ടു. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പ്രതിയുടെ ശിക്ഷ ഇനി അപ്പീലുകളിലെ തീർപ്പിന് വിധേയമായിരിക്കും.

പ്രതി ഒമ്പതു വർഷമായി തടവിലാണെന്നതും സമാന കുറ്റംചെയ്ത കൂട്ടുപ്രതികൾ അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ച് മോചിതരായതും കണക്കിലെടുത്താണ് ജസ്റ്റിസ് വി.രാജാ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ശിക്ഷാവിധി സംബന്ധിച്ച് എൻ.ഐ.എയും പ്രതികളും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതിയിൽ ദീർഘനാളായി ശേഷിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം കീഴടങ്ങിയ ഒന്നാംപ്രതി സവാദിന്റെ വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാൽ തീർപ്പുകൾ വൈകാനിടയുണ്ട് എന്നീ വസ്തുതകളും പരിഗണിച്ചു. എൻ.ഐ.എ പ്രത്യേക കോടതി വിധിക്കെതിരെ നാസർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്.

2010 ജൂലായ് നാലിനായിരുന്നു ടി.ജെ.ജോസഫിനെതിരായ ആക്രമണം. എൻ.ഐ.എ ഏറ്റെടുത്ത കേസിൽ 37 പേരെ പ്രതിചേർത്തിരുന്നു. ആദ്യ വിചാരണയിൽ പ്രത്യേക കോടതി 13 പേർക്ക് ശിക്ഷ വിധിച്ചു. 18 പേരെ വെറുതേവിട്ടു.