അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് വാതക്കാട് പ്രദേശത്ത് താമസിക്കുന്ന 7 പട്ടികജാതി കുടുംബങ്ങൾക്ക് മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം റോഡ് നിർമ്മിക്കുന്നതിനുള്ള സർക്കാർ അനുമതി ലഭ്യമായതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. വഴിയുടെ ആവശ്യം ചൂണ്ടിക്കാട്ടി എം.എൽ.എ സംസ്ഥാന കാർഷികോത്പാദക കമ്മീഷണർക്ക് 2021 അപേക്ഷ നൽകിയിരുന്നുവെങ്കിലും പരിശോധനയ്ക്ക് ശേഷം 2022ൽ നിരാകരിച്ചു. തുടർന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. പിന്നീട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ 2023യിൽ പരാതി നൽകി. എം.എൽ.എ ഉന്നയിച്ച വാദമുഖങ്ങളും വിവിധ സർക്കാർ വകുപ്പുകളുടെ വിശദമായ റിപ്പോർട്ടും പരിഗണിച്ച് മുനുഷ്യാവകാശ കമ്മീഷൻ ഒടുവിൽ വാതക്കാട് പട്ടികജാതി കുടുംബങ്ങൾക്ക് വഴി നിർമ്മിക്കാനുള്ള ഇടക്കാല ഉത്തരവ് 2024 ഏപ്രിൽ 3 ന് പുറപ്പെടുവിച്ചു. തുടർന്ന് ജില്ലാ കളക്ടർ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇതോടെ കഴിഞ്ഞ ദിവസം നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകി സംസ്ഥാന ക്യഷി വകുപ്പ് മന്ത്രി പി. പ്രസാദ് റോഡ് നിർമ്മിക്കാനുള്ള അനുമതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി ചേർന്ന് അടുത്ത സാമ്പത്തിക വർഷം തന്നെ ഇതിനാവശ്യമായ തുക ലഭ്യമാക്കി റോഡ് യാഥാർത്ഥ്യമാക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ കൂട്ടിച്ചേർത്തു.