വൈപ്പിൻ: മുനമ്പം പ്രശ്‌നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എസ്. രാമചന്ദ്രൻ നായർ കമ്മീഷന് മുനമ്പം ഭൂസമര സമിതി ഭാരവാഹികൾ ഇന്നലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ കൈമാറി. കാക്കനാട്ടെ കമ്മീഷൻ ഓഫീസിൽ വച്ചാണ് രേഖകൾ കൈമാറിയത്. രേഖകൾ സ്വീകരിച്ച ജസ്റ്റിസ് തങ്ങൾ ഉടൻ തന്നെ മുനമ്പം സന്ദർശിക്കുമെന്നും സമയ ബന്ധിതമായി സർക്കാരിന് റിപ്പോർട്ട് നല്കുമെന്നും അറിയിച്ചു. മുനമ്പം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യർ വലിയപറമ്പിൽ, ഭൂസമര സമിതി കൺവീനർ ജോസഫ് ബെന്നി, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ് തയ്യിൽ, മദർ സുപ്പീരിയർ മെറ്റിൽഡ, മുനമ്പം എസ്. എൻ.ഡി.പി ശാഖ പ്രസിഡന്റ് കെ.എൻ. മുരുകൻ, ഫെബി ഒളാട്ടുപുറം എന്നിവരാണ് രേഖകൾ കൈമാറാനെത്തിയത്.
മുനമ്പം തീരദേശത്തെ ജനങ്ങൾ വാങ്ങിയ ഭൂമി മുഹമ്മദ് സിദ്ദീഖ് സേട്ട് കോഴിക്കോട് ഫറൂഖ് കോളേജിന് ഇഷ്ടദാനമായി നല്കിയ ഭൂമിയാണെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 1975ലെ വിധി പകർപ്പ് ഉൾപ്പെടെയുള്ള രേഖകളാണ് ജുഡീഷ്യൽ കമ്മീഷന് കൈമാറിയത്.