പെരുമ്പാവൂർ: ഡയാലിസിസ് ചെയ്യുന്ന 25രോഗികൾക്ക് 1200 രൂപയോളം വിലവരുന്ന ഏര്യത്തോപോയിറ്റിംഗ് ഇൻജക്ഷൻ സൗജന്യമായി വിതരണംചെയ്യുന്ന പദ്ധതിക്ക് രായമംഗലം പഞ്ചായത്ത് തുടക്കം കുറിച്ചു. ഒരു ഡയാലിസിസിന് ഒന്ന് എന്ന കണക്കിൽ ഒരാൾക്ക് 8 മുതൽ 12 എണ്ണം വരെ ഇൻജക്ഷൻ ഒരു മാസം വേണ്ടി വരും. ഒരു മാസം 75000 രൂപയാണ് പാലിയേറ്റീവ് പദ്ധതിയിൽ ഇതിന് വകയിരുത്തിയിട്ടുള്ളത്. വരുമാനപരിധി നോക്കാതെ എല്ലാ രോഗികൾക്കും പദ്ധതിയുടെ ഭാഗമായി മരുന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജുകുര്യക്കോസ്, ബ്ലോക്ക് മെമ്പർ ബീന ഗോപിനാഥ്, പഞ്ചായത്ത് മെമ്പർമാരായ മിനി നാരായണൻ കുട്ടി, കെ.എൻ. ഉഷാദേവി, മിനി ജോയ്, ലിജു അനസ്, മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് ബി. നായർ ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, പാലിയേറ്റീസ് നഴ്സ് തുളസി എന്നിവർ സംസാരിച്ചു.