
കൊച്ചി: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഇക്കണോമിക്‌സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ജനുവരി 9ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി. കൃഷ്ണകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിയോഗിക്കാത്തതിനെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.
യു.എ.പി.എ പ്രതിക്ക് കേസ്
പഠനത്തിന് അനുമതിയില്ല
കൊച്ചി: നിയമം പഠിക്കാനുള്ള അനുമതിക്കായി പോപ്പുലർ ഫ്രണ്ട് കേസിലെ വിചാരണത്തടവുകാരൻ സമർപ്പിച്ച ഹർജി എൻ.ഐ.എ കോടതി തള്ളി. പി.എഫ്.ഐ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ പാലക്കാട് മരുതൂർ സ്വദേശി അബ്ദുൽ റൗഫാണ് (38) ഓഫ്ലൈനായോ ഓൺലൈനായോ പഠിക്കാൻ അനുമതി തേടിയത്. പ്രതി ക്ലാസിൽ പങ്കെടുക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് വിലയിരുത്തിയാണ് കോടതി അനുമതി നിഷേധിച്ചത്.
യു.എ.പി.എ കേസിലെ 12-ാം പ്രതിയാണ് റൗഫ്. രണ്ടു വർഷമായി വിയ്യൂർ അതിസുരക്ഷാ ജയിലിലുള്ള റൗഫ് നേരത്തേ കോടതിയുടെ അനുമതിയോടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും എൽഎൽ.ബി എൻട്രൻസും പാസായിരുന്നു. പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ അഡ്മിഷൻ നടപടികളുമായി മുന്നോട്ടുപോയി. ക്ളാസിലെത്തി പഠിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ജയിൽ സൂപ്രണ്ടിൽ നിന്ന് കോടതി റിപ്പോർട്ട് തേടിയിരുന്നു.
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
തിരുവനന്തപുരം: ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. 18നു രാവിലെ 10.30 ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 19നു രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിംഗ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ പരാതികൾ പരിഗണിക്കും. സിറ്റിംഗ് ദിവസങ്ങളിൽ പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.