കൊച്ചി: അമിത വേഗത്തിലെത്തിയ എസ്.യു.വി കാർ മാരുതി ഒമ്‌നി വാനിലിടിച്ച് വാൻ ഡ്രൈവർ വടുതല തുണ്ടത്തിപ്പറമ്പിൽ വീട്ടിൽ ജോണി ലോപ്പസ് (72) മരിച്ചു. ഇന്നലെ രാവിലെ 6.30ന് എറണാകുളം ലാ കോളേജിന് സമീപമായിരുന്നു അപകടം. എസ്.യു.വി ഡ്രൈവർ തമ്മനം സ്വദേശി ഷെമീർ (34) അറസ്റ്റിലായി. വർഷങ്ങളായി കുട്ടികളെ നഗരത്തിലെ വിവിധ സ്‌കൂളുകളിൽ എത്തിക്കുന്നയാളാണ് ജോണി. രാവിലെ കുട്ടികളെ കൂട്ടാനായി മഹാരാജാസ് കോളേജ് ഭാഗത്തേക്കു പോകവേ എതിർദിശയിൽ വലതുവശം കയറിവന്ന എസ്.യു.വി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അകത്ത് കുടുങ്ങിപ്പോയ ജോണി തത്ക്ഷണം മരിച്ചു. കൊച്ചി കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികൾ വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. തലയ്ക്കും നെഞ്ചിനുമേറ്റ ആഘാതമാണ് മരണകാരണം.
ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: മെറ്റിൽഡ, നെൽസൻ, ഷേർളി, ബെനഡിക്ട്. മരുമക്കൾ: ബെന്നി, ബിനി, ലാസർ, ഹെബ്‌സ.