
ആലുവ: വീട്ടിൽ കളിക്കുന്നതിനിടെ മൂന്നര വയസുകാരി അബദ്ധത്തിൽ വിഴുങ്ങിയ താക്കോൽ ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു. കുട്ടി അറിയിച്ചതിനെ തുടർന്ന് ഉടൻ കുർക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എക്സറേ പരിശോധനയിൽ ആമാശയത്തിൽ താക്കോലിന്റെ സാന്നിധ്യവും കണ്ടെത്തി.
തുടർന്നാണ് വിദ്ഗദ പരിശോധനകൾക്കായി രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇതിനകം താക്കോൽ ആമാശയം കടന്ന് ചെറുകുടലിൽ എത്തിയിരുന്നു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഡ്യൂഡെനോസ്കോപ്പി വഴി താക്കോൽ നീക്കം ചെയ്യാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എൻഡോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർമാർ ചെറുകുടലിൽ നിന്ന് താക്കോൽ സുരക്ഷിതമായി നീക്കി. ഉദരരോഗ വിദ്ഗദനായ ഡോ.റോഷ് വർഗീസിന്റെ മേൽനോട്ടത്തിൽ ഡോ. ജേക്കബ് ജോസഫ്, ഡോ.ആനന്ദ് ആർ എന്നിവർ പങ്കാളികളായി.
വലിയ സങ്കീർണതകൾ ഇല്ലാതെ താക്കോൽ നീക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങി.