dyfi
ആലുവ മുൻസിപ്പൽ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുന്നു

ആലുവ: ആലുവ നഗരസഭ ഗ്രൗണ്ട് 1.53 കോടി രൂപ ചെലവിൽ ടർഫാക്കുന്നതിനെതിരായ സമരം സജീവമാകുന്നു. പ്രതിപക്ഷവും കായിക പ്രേമികളുടെ കൂട്ടായ്മകളും പരസ്യമായ സമരമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിന് പുറമെ ഭരണപക്ഷത്തെ ചിലർ സമരത്തെ രഹസ്യമായി പിന്തുണയ്ക്കുന്നുമുണ്ട്. ഇതോടെ ടർഫ് അനുകൂലികൾ വിഷമത്തിലായി.

ടർഫ് ആക്കുന്നതിന് മുന്നോടിയായി ബെന്നി ബെഹനാൻ എം.പി അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ ആദ്യഘട്ട നവീകരണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയതാണ്. രണ്ടാംഘട്ടമായിട്ടാണ് ജെബി മേത്തർ എം.പി അവശേഷിക്കുന്ന തുക അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് മുൻ നഗരസഭാ കൗൺസിലർ രാജീവ് സക്കറിയ ടർഫിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ കോടതി നഗരസഭയുടെ വിശദീകരണം തേടിയിട്ടുണ്ട്. ടർഫിൽ കളിക്കുന്നവർക്കുള്ള ആരോഗ്യ പ്രശ്നങ്ങളും മറ്റ് കായിക വിനോദങ്ങൾക്ക് ഗ്രൗണ്ട് നഷ്ടപ്പെടുമെന്നതുമാണ് ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുള്ളത്.

ഇതിനിടയിൽ ടർഫിനെ അനുകൂലിക്കുന്ന ഫുട്ബാൾ താരങ്ങൾ യോഗം ചേർന്ന് നഗരസഭക്ക് ഭീമഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ടർഫിനെതിരെ ഡി.വൈ.എഫ്.ഐയും


ആലുവ മുൻസിപ്പൽ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരെ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ഷെഫീക്ക് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, മുഹമ്മദ് ഹിജാസ്, ഇ.എം. സലീം, ഹരിശ്രീ ചന്ദ്രൻ, പ്രവീൺ നെടുവനൂർ, സമീർ പാറേക്കാട്ട്, കെ.ജെ. ലിനീഷ്, ടി.ആർ. ജിഷ്ണു, എസ്. നിമൽ, എ.എസ്. ടിജിത്, അഖിൽ പൗലോസ്, മിനി ബൈജു, ശ്രീലത വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ അടക്കമുള്ള

ടർഫ് വിരുദ്ധരുടെ വാദങ്ങൾ

1. ആലുവ മുനിസിപ്പൽ സ്റ്റേഡിയം നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയം

2. സ്കൂൾ കായികമേള മുതൽ താലൂക്ക് ജില്ലാ കായിക മേളകൾ വരെ സംഘടിപ്പിക്കുന്നത് ഇവിടെ.

3. പൊതുജനങ്ങൾ വ്യായാമങ്ങൾക്ക് ആശ്രയിക്കുന്നതും മുനിസിപ്പൽ ഗ്രൗണ്ടിനെ

4. ജീവനക്കാർക്ക് പോലും കൃത്യമായിട്ട് ശമ്പളം കൊടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ടർഫിന്റെ പരിപാലനം നടക്കില്ല

5. ഗ്രൗണ്ട് ടർഫാക്കി സ്വകാര്യ അക്കാഡമിക്ക് നൽകാനാണ് നഗരസഭ നീക്കം