kallu

കൊച്ചി: നിർമ്മാണ മേഖലയ്‌ക്ക് പ്രതിസന്ധി സൃഷ്ടിച്ച് കരിങ്കൽ ക്ഷാമം. പാറമടകളുടെ എണ്ണം കുറഞ്ഞതും ഉള്ളവയിൽ നിന്ന് ആവശ്യത്തിന് കല്ല് പുറത്തേക്കു വിടാത്തതുമാണ് കാരണം. 8,000ലേറെ ക്വാറികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ലൈസൻസോടെ പ്രവർത്തിക്കുന്നത് 195 എണ്ണം. പല ജില്ലകളിലും രണ്ടോ മൂന്നോ എണ്ണത്തിലൊതുങ്ങി.

കെട്ടിടം നിർമ്മിക്കുന്നവർ കരിങ്കൽ തറയ്‌ക്ക് പകരം കൂടുതൽ പണം മുടക്കി കോൺക്രീറ്റ് തറയൊരുക്കുകയാണിപ്പോൾ. 1,500 ചതുരശ്ര അടി വീട് നിർമ്മിക്കാൻ 2,200 അടി കരിങ്കല്ല് വേണം. തറകെട്ടുന്നതിന് മാത്രം 15-20 ലോഡ് വരെ. 150 അടി ലോഡൊന്നിന് 7,500 - 8,500രൂപയാണ് വില. ഇത്രയും കിട്ടാൻ രണ്ട് മാസത്തോളമെടുക്കും.

കല്ല് ഇല്ല, മെറ്റൽ തരാം!

അംഗീകൃത ക്വാറി ഉടമകളിലേറെയും ക്രഷർ യൂണിറ്റ് തുടങ്ങിയതോടെ കല്ല് പുറത്തേക്ക് വിടുന്നില്ല. മെറ്റലാക്കി നൽകിയാൽ വില അധികം ലഭിക്കുമെന്നതാണ് കാരണം. 150അടി മെറ്റലിന് 12,500ന് മുകളിലാണ് വില. കല്ല് ബ്ലാക്കിൽ പാസില്ലാതെ നൽകുന്ന സംഘങ്ങളുമുണ്ട്. 6,500 - 7,200രൂപ നിരക്കിലെത്തിക്കുന്ന കല്ല് പലപ്പോഴും അളവിൽ കുറവുമാണ്. നേരത്തെ തമിഴ്‌നാട്ടിൽ നിന്ന് കല്ലെത്തിയിരുന്നു. ഇത് വർദ്ധിച്ചതോടെ തമിഴ് കച്ചവടക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും വില വർദ്ധിപ്പിക്കുകയും ചെയ്തു.

ചെലവ്

1,500 ചതുരശ്ര അടി കരിങ്കല്ല് തറയ്‌ക്ക്..............................3,50,000 മുതൽ 4,50,000 വരെ

1,500 ചതുരശ്ര അടി കോൺക്രീറ്റ് തറയ്‌ക്ക്.......................6 ലക്ഷം വരെ

കരിങ്കല്ല് വില........150 അടി ലോഡിന് 8,200 - 8,400വരെ

ഗുണനിലവാരം കുറഞ്ഞ കല്ലുകളാണ് ലഭിക്കുന്നത്. ഇത് കരാറുകാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.

-വി.ജി വേണുഗോപാൽ,

കെട്ടിട നിർമ്മാണ കരാറുകാരൻ

ചെറിയ കാരണങ്ങൾ പറഞ്ഞ് ക്വാറികളുടെ ലൈസൻസ് റദ്ദാക്കുന്നത് നിറുത്തണം. കൃത്യമായ പരിശോധനകൾ വേണം.

എൻ.കെ. ബാബു

സംസ്ഥാന പ്രസിഡന്റ്, കേരള മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്‌സ് അസോ.

ചെറുകിട പാറമടകൾക്ക് നിയമവിധേയമായി പ്രവർത്തനാനുമതി നൽകണം.

-വർഗീസ് കണ്ണമ്പള്ളി

സംസ്ഥാന പ്രസിഡന്റ്,

കേരള ഗവണ്മന്റ് കോൺട്രാക്ടേഴ്‌സ് അസോ.