ചോറ്റാനിക്കര: ദേവിയുടെ തിരുനാൾ ആഘോഷദിനത്തിൽ ദീപാരാധന സമയത്ത് ചോറ്റാനിക്കര ക്ഷേത്രാങ്കണം ദീപപ്രഭയിൽ മിന്നിത്തിളങ്ങി. ഇന്നലെ വൻ ഭക്തജനത്തിരക്കായിരുന്നു. തന്ത്രി എളവള്ളി ജയന്തൻ പുലിയന്നൂർ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ 25 കലശവും പന്തീരടിപൂജയും നടന്നു. വിശേഷാൽ ഗോളക ചാർത്തി സർവാഭരണ വിഭൂഷിതയായി പുഷ്‌പഹാരങ്ങൾ കൊണ്ട് അലംകൃതമായ ദേവീരൂപം ഭക്തരിൽ ആനന്ദവും ഭക്തിയും ഉണർത്തി. 2000 പേർക്ക് അന്നദാനവുമുണ്ടായിരുന്നു.
സന്ധ്യയ്ക്ക് തൃക്കാർത്തിക ദീപം തെളിക്കാൻ ചോറ്റാനിക്കര അസി. കമ്മീഷണർ ബിജു ആർ. പിള്ള, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്‌ണൻ, അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ പ്രകാശ് ശ്രീധർ, ക്ഷേത്ര ഊരാളൻ നാരായണൻ നമ്പൂതിരിപ്പാട്, ഉപദേശകസമിതി പ്രസിഡന്റ് കെ. വേണുഗോപാൽ, സെക്രട്ടറി തമ്പി തിലകൻ, സമിതി അംഗങ്ങൾ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കാർത്തിക വിളക്കിനുശേഷം രാത്രി 8.30ന് 51 കുത്തുവിളക്കുകളുടെ അകമ്പടിയോടെ മൂന്ന് ഗജവീരന്മാർ എഴുന്നള്ളുന്ന തൃക്കാർത്തിക വിളക്ക് നടത്തി. ചോറ്റാനിക്കര വിജയൻമാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യവുമുണ്ടായിരുന്നു.