
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ ഹൗസിംഗ് ബോർഡ് കെട്ടിടത്തിലെ ലിഫ്റ്റിൽ സ്ത്രീകളടക്കം ഏഴുപേർ കുടുങ്ങിയത് ഒരു മണിക്കൂർ. ഇവരെ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇടമലയാർ കമ്മിഷനടക്കം അഞ്ച് കോടതികൾ ഹൗസിംഗ് ബോർഡിന്റെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കോടതിയിലേക്ക് പോകുകയായിരുന്ന നാല് അഭിഭാഷകരും രണ്ട് വനിതാ ക്ലർക്കുമാരും ഒരു പരാതിക്കാരനുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. സീനിയർ ഫയർ ഓഫീസർ അനിൽരാജ് , ഫയർ ഓഫീസർമാരായ ഹരി പ്രവീൺ, മനു , കെവിൻ ആന്റണി, സനോഫർ, അക്ഷയ് ബെല്ല, ഉത്തമൻ എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
ലിഫ്റ്റ് തകരാർ പതിവ്
കെട്ടിടത്തിൽ രണ്ട് ലിഫ്റ്റാണുള്ളത്. ഇതിൽ ഒന്നാണ് തകരാറിലായത്. താഴെ നിന്ന് മുകളിലേക്ക് പോകുന്നതിനിടെ മൂന്നാം നിലയിൽ എത്തിയ ഉടൻ ലിഫ്റ്റ് നിശ്ചലമായി. തുടർന്ന് ലിഫ്റ്റ് ഓപ്പറേറ്ററെത്തി ആളുകളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഗാന്ധിനഗറിൽ നിന്ന് ഒരു യൂണിറ്റ് എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഡോർ ഇരുവശത്തേയ്ക്കുമായി അകത്തിയാണ് കുടുങ്ങിയവരെ പുറത്തിറക്കിയത്. ഇവർക്ക് വെള്ളവും മറ്റും നൽകി.
വർഷങ്ങൾ പഴക്കമുണ്ട് ലിഫ്റ്റുകൾക്ക്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവ പണിപറ്റിക്കുമെന്ന് പതിവായി എത്തുന്നവർ പറയുന്നു. ഏതാനും മാസം മുമ്പ് കോടതിയിലെ ജീവനക്കാരും ഒരു ജഡ്ജിയും ലിഫ്റ്റിൽ കുടുങ്ങിയത്രേ. കാലപ്പഴക്കം ചെന്ന ലിഫ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അഞ്ചാം നിലയിലെ ഡി.ആർ.പി കോടതിയിൽ പോകുന്നതിനാണ് ലിഫ്റ്റിൽ കയറിയത്. ഏഴുപേരായപ്പോൾ തന്നെ ചില ശബ്ദങ്ങൾ കേട്ടു. മൂന്നാം നിലയിൽ വച്ച് ഡോർ പതിയെ തുറക്കുകയും പൊടുന്നനെ ലിഫ്റ്റ് നിശ്ചലമാകുകയും ചെയ്തു. ഉടൻ ഓപ്പറേറ്ററെ വിളിച്ചുവരുത്തി. ഡോർ തുറന്നിരിക്കുന്നതിനാൽ താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. വാതിൽ ചെറുതായി തുറന്നിരുന്നതിനാലും പുറത്ത് ആളുകൾ ഉണ്ടായിരുന്നതിനാലും ഭയം തോന്നിയില്ല
അഭിഭാഷൻ എസ്. ജിതേന്ദ്രൻ
(ലിഫ്റ്റിൽ കുടുങ്ങിയ വ്യക്തികളിലൊരാൾ )