
കൊച്ചി: അന്തരിച്ച പ്രശസ്ത ചിത്രകാരൻ സി.എൻ. കരുണാകരന്റെ പതിനൊന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ രചനകളുടെ പ്രദർശനമൊരുക്കി ലളിതകലാ അക്കാഡമി. ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പ്രദർശനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. 27 വരെ പ്രദർശനം തുടരുമെന്ന് അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്തും സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണനും പറഞ്ഞു. കേരളീയ ചുവർചിത്രങ്ങൾ, പുരാണേതിഹാസങ്ങൾ, നാടൻകലകൾ തുടങ്ങിയവയിൽ നിന്നെല്ലാം പ്രചോദനമുൾക്കൊണ്ട രചനകളാണ് സി.എൻ. കരുണാകരന്റേത്. ആയിരത്തിലേറെ രചനകൾ നിർവഹിച്ച അദ്ദേഹത്തിന് രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചിട്ടുണ്ട്.