
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നൂറിലേറെ സോപാന സംഗീതജ്ഞരും അത്രതന്നെ ഇടയ്ക്ക വിദ്വാന്മാരും ഒരുമിച്ച് ഒരു വേദിയിൽ അരങ്ങുതകർക്കും. ഇന്ന് മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിക്കുന്ന സുകൃതം ഭാഗവത സപ്താഹത്തോട് അനുബന്ധിച്ചാണ് പ്രശസ്ത സോപാന സംഗീത വിദ്വാൻ ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സോപാന സംഗീതത്തിൽ നൂറ് കണക്കിന് വേദികൾ പിന്നിട്ട, ആയിരക്കണക്കിന് ശിഷ്യ സമ്പത്തുള്ള ഏലൂർ ബിജു തന്റെ പേരിലുള്ള ഏലൂർ ബിജു സ്നേഹസോപാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സോപാന സായാഹ്നം നടത്തുന്നത്.
21ന് വൈകിട്ട് നാല് മുതൽ നടക്കുന്ന പരിപാടിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളും സോപാന സംഗീതം അവതരിപ്പിക്കും. എൽ.കെ.ജി കുട്ടികൾ മുതൽ 80 വയസുവരെയുള്ള അമ്മമാർ വരെ സോപാന സംഗീതവുമായെത്തും. ഡോക്ടർമാരും അഭിഭാഷകരും എൻജിനിയർമാരും എല്ലാം സംഘത്തിലുണ്ടാകും. ഒരു ധ്യാനി ഉൾപ്പടെ ഏഴ് കീർത്തനങ്ങളാണ് അവതരിപ്പിക്കുക. മംഗളമൂർത്തി മോഹന ഗണപതി, അഷ്ടപദി, ശങ്കര ജയശങ്കര തുടങ്ങിയവ ഉൾപ്പെടെയാണിത്.
സോപാന ഗായകരായ ഞെരളത്ത് രാമദാസ്, ശ്രീവരാഹം അശോക് കുമാർ, ഗുരുവായൂർ ജ്യോതി ദാസ്, സന്തോഷ് കൈലാസ്, ജിതിൻ ശങ്കർ പാഴൂർ എന്നിവരെയും ഉദ്യോഗമണ്ഡൽ വിജയകുമാർ, തൃപ്പൂണിത്തുറ കൃഷ്ണദാസ്, അമ്പലപ്പുഴ വിജയകുമാർ എന്നിവരെയും ചടങ്ങിൽ അദരിക്കും.