കൊച്ചി: ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റ് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 4 നിലകളിലായാണ് മാർക്കറ്റ് നിർമ്മിച്ചത്. മാർക്കറ്റിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് സമുച്ചയത്തിന്റെ തറക്കല്ലിടലും ഇന്ന് നടക്കും. 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സമുച്ചയം 24.65 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷനാകും.
കേന്ദ്രമന്ത്രി ജോർജ് കുര്യനും വ്യവസായമന്ത്രി പി. രാജീവും മുഖ്യാതിഥികളാകും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, ഉമ തോമസ്, കെ. ബാബു, മേയർ എം. അനിൽ കുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയ, സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കളക്ടർ എൻ.എസ്.കെ ഉമേഷ്, പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സംസാരിക്കും.
മന്ത്രി എം.ബി. രാജേഷ് ഇന്നലെ മാർക്കറ്റ് സമുച്ചയം സന്ദർശിച്ചു. സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.