padam

കൊച്ചി: നീല നിറത്തോടെ കുടിവെള്ളം ലഭിച്ചത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. എറണാകുളം സൗത്ത് കർഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതലാണ് കുടിവെള്ളം മണ്ണെണ്ണയ്ക്ക് സമാനമായി നിറത്തിൽ ലഭിച്ചത്. പരിശോധനയിൽ സമീപത്തെ ഡൈ ഹൗസിൽ നിന്ന് പുറംതള്ളുന്ന മാലിന്യം, ഇതേ സ്ഥാപനത്തിന്റെ തന്നെ വാട്ടർ അതോറിട്ടിയുടെ മീറ്റർബോക്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്കാണ് ഒഴുക്കുന്നതെന്നും ഇവിടെ നിന്നും പൊട്ടിയ ശുദ്ധജല പൈപ്പിലൂടെയാണ് മാലിന്യം കുടിവെള്ളത്തിൽ കലർന്നതെന്നും കണ്ടെത്തി. കോർപറേഷൻ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെത്തി ഡൈ ഹൗസ് യൂണിറ്റ് പൂട്ടിച്ചു. കഴിഞ്ഞ ദിവസം അറ്റകുറ്റ പണിയുടെ ഭാഗമായി കുടിവെള്ളം മുടങ്ങിയിരുന്നു. ഇന്നലെ പമ്പിംഗ് പുന:സ്ഥാപിച്ചതോടെ ഈ മലിന ജലം പരിസരങ്ങളിലെ വീടുകളിൽ എത്തുകയായിരുന്നു. വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ സ്ഥലത്തെത്തി കുടിവെള്ള പൈപ്പ് പ്രത്യേക മോട്ടോർ എത്തിച്ച് വൃത്തിയാക്കി. ഇന്ന് വീണ്ടും വൃത്തിയാക്കും.