നെടുമ്പാശേരി: കുടുംബം മുഴുവൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അശ്വതിന് ആശ്വാസവുമായി ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പാറക്കടവ് പുളിയനം വെളിയത്ത് സനൽ, ഭാര്യ സുമി, ഇളയ മകൻ ആസ്‌തിക് എന്നിവരാണ് സെപ്തംബർ 27ന് പൊള്ളലേറ്റ് മരിച്ചത്. പിതാവും മാതാവും അനുജനും പൊള്ളലേറ്റ് മരിക്കുന്നത് നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ് അശ്വത്. ഉറ്റവർ മരിച്ചതോടെ കരിയാട് വാപ്പാലശേരിയിൽ അമ്മാവന്റെ സംരക്ഷണയിലാണ് അശ്വത് ഇപ്പോൾ. അശ്വതിനെപ്പറ്റി അറിഞ്ഞ പി.എസ്. ശ്രീധരൻപിള്ള അവനെ കാണണമെന്ന ആഗ്രഹം ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ കൊച്ചിയിൽ എത്തിയപ്പോൾ വാപ്പാലശേരിയിലെ വീട്ടിലെത്തി ശ്രീധരൻപിള്ള അശ്വതിനെ നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കാലടി ബ്രഹ്‌മാനന്ദോദയം സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് അശ്വത്.