
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളിൽ പതിറ്റാണ്ടുകളായി തറമാത്രം കെട്ടി നിറുത്തിയിരുന്ന സ്റ്റേജിന്റെ പുനർനിർമ്മാണം അഞ്ചുലക്ഷം രൂപയുടെ വഴിപാടായി ഏറ്റെടുത്ത ഭക്തൻ ഗതികെട്ട് പിന്മാറി. ഇതുവരെ ചെലവഴിച്ച പണം തിരികെ ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിനും സർക്കാരിനും കത്തും നൽകി. സാമ്പത്തിക, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതിയും തന്ത്രിമാരും നിർമ്മാണം തടയുന്നതെന്ന് കത്തിൽ ആരോപിക്കുന്നുബംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനി ഉടമയും പാലക്കാട് സ്വദേശിയുമായ ശ്രീജിത്ത് കൃഷ്ണനാണ് തന്ത്രിയുടെയും ഉപദേശക സമിതി ഭാരവാഹികളുടെയും എതിർപ്പുമൂലം കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ അനുമതിപത്രവും കൈയിൽവച്ച് പണി പാതിവഴിക്ക് നിറുത്തേണ്ടിവന്നത്.
തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ അനുമതി ഇല്ലാത്തതിനാൽ പണി മുന്നോട്ടുകൊണ്ടുപോകരുതെന്നാണ് സമിതിയുടെ നിലപാട്. സമിതിയുടെ കാലാവധി നാലുമാസം മുമ്പ് കഴിഞ്ഞു. അതിനു മുമ്പ്, സ്റ്റേജ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടും സമിതി കത്ത് നൽകി. തച്ചുശാസ്ത്ര വിദഗ്ദ്ധന്റെ അംഗീകാരമുണ്ടെങ്കിൽ പണിതുടരാമെന്ന് ദേവസ്വം പ്രസിഡന്റ് ഡോ. എം.കെ.സുദർശനും തന്ത്രിയും പങ്കെടുത്ത യോഗത്തിൽ തീരുമാനമായതാണ്. തുടർന്ന് തച്ചുശാസ്ത്രവിദഗ്ദ്ധൻ വേഴേപ്പറമ്പിൽ ചിത്രഭാനു നമ്പൂതിരിപ്പാട് പ്ളാൻ വരച്ച് നൽകിയ ശേഷമാണ് പണി തുടങ്ങിയത്. അച്ഛനമ്മമാരുടെ 50-ാംവിവാഹവാർഷിക ദിനത്തിന്റെ ഓർമ്മയ്ക്കായാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ ശുപാർശയിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശന് സ്റ്റേജ് സമർപ്പിക്കാൻ ശ്രീജിത്ത് കൃഷ്ണൻ തയ്യാറായത്. ജനുവരി 17നും മേയ് 13നും ബോർഡിന്റെ അനുമതിക്കത്ത് ലഭിക്കുകയും ചെയ്തു.അപേക്ഷ നൽകി പലവട്ടം ചർച്ച നടത്തിയ ശേഷമായിരുന്നു ബോർഡിന്റെ രേഖാമൂലമുള്ള അനുമതി. പണി പകുതിയായപ്പോൾ ഇടങ്കോലുമായി ഉപദേശക സമിതിയും തന്ത്രിയും രംഗത്തുവന്നു.
ജനുവരി 24ന് നിറുത്തിവച്ച പണി പുനരാരംഭിക്കാനായിട്ടില്ല. ദേവസ്വം പ്രസിഡന്റിനും ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ ശ്രീജിത്ത് കൃഷ്ണൻ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ദേവസ്വം പ്രസിഡന്റിന്റെ വാക്കിനും ബോർഡിന്റെ കത്തിനും വിലയില്ല. അവർ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല. ഉപദേശക സമിതിയുടെ രാഷ്ട്രീയഇടപെടലാണ് പ്രശ്നം. സ്വാർത്ഥതാത്പര്യങ്ങൾക്ക് തന്ത്രി കൂട്ടുനിന്നു. അറിയാതെ പെട്ടുപോയതാണ്. മാതാപിതാക്കളുടെ പേരിൽ ചെയ്ത വഴിപാട് മുടങ്ങിയത് ദു:ഖകരമാണ്.
ശ്രീജിത്ത് കൃഷ്ണൻ