
കൊച്ചി: ഹേമ കമ്മിറ്റിക്ക് ലഭിച്ച പരാതികളെക്കുറിച്ചുള്ള പ്രത്യേക പൊലീസ് സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ദുർബലമായി.പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്തവരുടെ കേസുകൾ എഴുതിത്തള്ളുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ സൂചിപ്പിച്ചതിനാൽ അന്വേഷണം സ്വാഭാവിക അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
രജിസ്റ്റർ ചെയ്ത 32 കേസുകളിൽ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. നാലു കേസുകൾ വസ്തുതയില്ലെന്നു കണ്ട് ഉപേക്ഷിച്ചു. 11 പരാതികൾ ഒരേ നടിയുടേതാണ്. അവ പിൻവലിക്കുമെന്ന് ഒരു ഘട്ടത്തിൽ നടി പ്രഖ്യാപിച്ചിരുന്നു.
ഹേമ റിപ്പോർട്ട് പുറത്തുവന്ന ശേഷം പൊലീസിൽ
പരാതികൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യം കിട്ടിയതിനാൽ കേസിന്റെ ഗൗരവം നഷ്ടപ്പെട്ട നിലയിലാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച് ഉചിതമായ നടപടികൾ നിർദ്ദേശിക്കാൻ ഹൈക്കോടതിയിൽ വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ഡിവിഷൻബെഞ്ച് പ്രവർത്തിക്കുന്നുണ്ട്. റിപ്പോർട്ടിലെ പല പരാമർശങ്ങളും ഗുരുതരമാണെന്നും പ്രത്യേക പരാതിയില്ലാതെ കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അന്വേഷണത്തെ എതിർക്കുന്നവർ സുപ്രീം കോടതിയിലെത്തിയത്. പരാതിക്കാരെ സഹപ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലാക്കുകയാണെന്ന ആരോപണവുമുണ്ട്.
സംഘടനയുടെ ഭീഷണി സംബന്ധിച്ച് മൂന്ന് ചമയകലാകാരികൾ നൽകിയ ഹർജി ഹൈക്കോടതിയിലുണ്ട്. മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുകയാണെന്ന ഹർജിയുമായി നടി മാലാ പാർവതിയും മറ്റൊരു ചമയകലാകാരിയും സുപ്രീംകോടതിയിലെത്തി. കമ്മിറ്റി മുമ്പാകെ പലതും പറഞ്ഞത് കേട്ടുകേൾവി അടിസ്ഥാനമാക്കിയാണെന്നാണ് മാലാ പാർവതിയുടെ വാദം. താത്പര്യമില്ലാത്തവരെ മൊഴി നൽകാൻ നിർബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വാക്കാൽ പറഞ്ഞിരുന്നു. മൊഴിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു നടിയും പരമോന്നത കോടതിയിലെത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിലപാട് അറിയാനായി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് തുടർവാദം 19ലേക്ക് മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയും ഇതേ ദിവസം തന്നെയാണ് വിഷയം വീണ്ടും പരിഗണിക്കുന്നത്.
ഹേമ റിപ്പോർട്ടിലെ പുറത്തുവരാത്ത ഭാഗം കൈമാറുന്നത് തടയാൻ വിവരാവകാശ കമ്മിഷനിൽ അവസാന നിമിഷം ഹർജിയെത്തിയതും കേസുകൾ അട്ടിമറിക്കുന്നതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.