camera

ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നിരീക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ പൊലീസ് മുൻകൈയെടുത്ത് സ്ഥാപിച്ച ക്യാമറകൾ എല്ലാം മിഴിയടച്ചു. 2018 ൽ വിവിധ സംഘടനകളുടെയും അഭ്യുദയ കാംക്ഷികളും സംഭാവന നൽകി വാങ്ങിയ 18 ക്യാമറകളും പ്രവർത്തന രഹിതമായി. എല്ലാ സി.സി ടിവികളും പണിമുടക്കിയിട്ടും നന്നാക്കുകയോ പുതിയവ സ്ഥാപിക്കാൻ മുൻകൈ എടുക്കുകയോ ചെയ്യാത്ത അധികൃതർക്കെതിരെ പൊതുജനത്തിന്റെ പ്രതിഷേധം ശക്തമായി. ചോറ്റാനിക്കര ദേവി ക്ഷേത്രവും പരിസരവും അതീവ സുരക്ഷാ മേഖലയായിട്ടും അവിടെ സ്ഥാപിച്ച ക്യാമറകൾ പരിപാലിക്കാൻ അധികൃതർ തയ്യാറാകാഞ്ഞതോടെ പ്രദേശം കുറ്റവാളികളുടെ താവളമായി മാറിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലെയും ക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലെയും ക്യാമറകൾ മിഴിയടച്ചതോടെ വ്യാപാരികളും ജനവും ആശങ്കയിലാണ്. സമീപകാലത്ത് മാല മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും പെരുകിയതോടെ സി.സി ടിവി ക്യാമറകൾ നന്നാക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെടുന്നു.

പ്രയോജനം പൊലീസിന്

ക്യാമറ സ്ഥാപിച്ചതിൽ ഏറ്റവും പ്രയോജനം നേടിയത് ചോറ്റാനിക്കര പൊലീസായിരുന്നു. ക്യാമറയുടെ കൺട്രോളിംഗ് പൊലീസ് സ്റ്റേഷനിൽ ആയിരുന്നു. പ്രദേശങ്ങളിലെ ചെറുതും വലുതുമായ പല കുറ്റകൃത്യങ്ങളുടെയും നിജസ്ഥിതി അറിയാനും കുറ്റവാളികളെ പിടികൂടാനും ക്യാമറാദൃശ്യങ്ങൾ അവരെ സഹായിച്ചിട്ടുണ്ട്.

പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ

കുറ്റകൃത്യങ്ങൾ കണ്ടെത്താൻ

വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അപകടത്തിന്റെ നിജസ്ഥിതി മനസിലാക്കാൻ

 മോഷ്ടാക്കളെ കണ്ടെത്താൻ

അപകടം സംഭവിക്കുമ്പോൾ തന്നെ വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്താൻ

സി.സി ടിവി ക്യാമറകൾ നന്നാക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി ചോറ്റാനിക്കര യൂണിറ്റും വ്യാപാരി വ്യവസായി സി.എസ്.ആർ ഫണ്ടും നൽകിയിട്ടുണ്ട്. സമീപകാലത്ത് മോഷണങ്ങൾ പെരുകുന്നത് വ്യാപാരികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്

സിബി

പ്രസിഡന്റ്,​

വ്യാപാരി വ്യവസായി ഏകോപന സമിതി

ചോറ്റാനിക്കര