y

തൃപ്പൂണിത്തുറ: അടുത്ത സംസ്ഥാനമായ ആന്ധ്രപ്രദേശ് വീട് നിർമ്മിക്കാൻ കേരളം ഗുണഭോക്താവിന് നൽകുന്ന തുകയുടെ പകുതിയിൽ താഴെയാണ് നൽകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഉദയംപേരൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ 175 വീടുകളുടെ താക്കോൽദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ വീട് നിർമ്മിക്കുന്നതിന് ഓരോ ഗുണഭോക്താവിനും 4 ലക്ഷം രൂപ ലഭ്യമാക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1,35,000 രൂപയാണ് നൽകുന്നത്. പതിനെണ്ണായിരത്തി എൺപതു കോടി രൂപ ചിലവഴിച്ചപ്പോൾ 2000 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിച്ചത്. യോഗത്തിൽ കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. സുബ്രഹ്മണ്യൻ, രാജു പി. നായർ, സിജി അനോഷ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, സുധ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഒമ്പതാം വാർഡിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.