
ചോറ്റാനിക്കര : നാട്ടുകാർക്ക് ബസ് കാത്തിരിപ്പ് നേരത്തെ വിരസത മാറ്റാനൊരു വായനശാല. അമ്പാടിമല ബസ് സ്റ്റോപ്പിലാണ് വായന ശാലയൊരുക്കിയിട്ടുള്ളത്. അമ്പാടിമല വായനശാലയുടേതാണ് ആശയം. അമ്പാടി മല വായനശാലയുടെ സെക്രട്ടറി പ്രദീപും പ്രസിഡന്റ് സന്തോഷ് തൂമ്പങ്കലുമാണ് ഉദ്യമത്തിന് പിന്നിൽ. കെട്ടും പൂട്ടും താക്കോലുമില്ല. ഏത് സമയത്തും ബസ് സ്റ്റോപ്പിൽ നിന്ന് പുസ്തകമെടുത്ത് വായിക്കാം. ഇനി പുസ്തകം വായിച്ചു തീരുന്നതിനു മുമ്പ് ബസ് എത്തിയാൽ വിഷമിക്കേണ്ട. ആ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിച്ചശേഷം തിരികെ കൊണ്ടുവന്നു പുസ്തക പെട്ടിയിൽ നിക്ഷേപിക്കാം.
ബസ്റ്റോപ്പിലെത്തുന്ന യാത്രക്കാർക്ക് പുസ്തകങ്ങളോ മാസികകളോ സംഭാവന നൽകണമെങ്കിലും പുസ്തകപ്പെട്ടിയിൽ നിക്ഷേപിക്കാം.
ചോദ്യത്തിൽ നിന്നൊരു വായനശാല
നാടിന് ഒരു വായനശാല വേണ്ടെയെന്ന ഒരു കുട്ടിയുടെ ചോദ്യത്തിൽ നിന്നാണ് 2012ൽ ഗ്രാമത്തിൽ ഒരു വായനശാലയുടെ തുടക്കം. അന്നത്തെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ജോൺസൺ തോമസ് കുട്ടിയുടെ ആശയം ഏറ്റെടുത്തു. അതിനായി ഒരു പൊതുയോഗം വിളിച്ചു. നാട്ടിലെ പ്രൊഫസറെ അദ്ധ്യക്ഷനാക്കി ഒരു താത്കാലിക കമ്മിറ്റി രൂപവത്കരിക്കുകയും അതോടൊപ്പം നാട്ടുകാരിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഒരു വീട് വായനശാലയായി മാറ്റുകയുമായിരുന്നു. പ്രദേശവാസിയായ ഓണശ്ശേരിൽ ഏലിയാസ് മത്തായി ഒറ്റ മുറി വാടകയില്ലാതെ നൽകിയതോടെ വായനശാലയ്ക്ക് കെട്ടിടവുമായി. എളപ്പൂപാരയ്ക്കൽ എബി തോമസിന്റെ ഓർമ്മയ്ക്കായി വായനശാല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കാൻ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായ ആശാ സനൽ 25 ലക്ഷം രൂപ അനുവദിച്ചതോടെ അമ്പാടിമലയുടെ അക്ഷരഖനി പിറന്നു.