പെരുമ്പാവൂർ: ദളിതർക്കായുള്ള കയ്യുത്തിയാൽ കമ്മ്യൂണിറ്റി ഹാൾ ഉദ്‌ഘാടനം ശുദ്ധ രാഷ്ട്രീയതട്ടിപ്പെന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി വിവിധ ജനകീയ വിഷയങ്ങളിൽ കൂവപ്പടി പഞ്ചായത്ത് സ്വീകരിക്കുന്ന നിരുത്തരവാദപരമായ തീരുമാനങ്ങൾ തിരുത്തണമെന്നാവശ്യവപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ സാമൂഹികനീതി കർമ്മസമിതി പ്രവർത്തകർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിരന്തരമായി നിവേദനങ്ങൾ നൽകുകയും നടത്തിയ ചർച്ചകളെല്ലാം പ്രഹസനങ്ങളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിഷേധ ധർണയുൾപ്പെടെയുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
പട്ടിജാതിക്കാർക്കായുള്ള കമ്മ്യൂണിറ്റി ഹാൾ ഡിസംബർ 21ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ബെന്നി ബഹനാൻ എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുക്കുമെന്നുമുള്ള പ്രചാരണവുമായി നാടെങ്ങും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. എന്നാൽ പഞ്ചായത്ത് ഭരണസമിതിയിലെ ബി.ജെ.പി പ്രതിനിധികളുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുപോലുമില്ലെന്നാണ് ആക്ഷേപം. ദളിത് വിഭാങ്ങൾക്കായുള്ള ഭവന പദ്ധതികൾ നടപ്പാക്കാതെ വേണ്ടത്ര സൗകര്യമില്ലാതെ നിർമ്മിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ തിടുക്കത്തിൽ ഉദ്ഘാടനം ചെയ്യുന്നത് കണ്ണിൽ പൊടിയിടാനാണെന്നും ദളിതർക്കെതിരായ കുറ്റകരമായ വിവേചനങ്ങൾക്കെതിരെ വേണ്ടിവന്നാൽ നിയമനടപടികൾക്കൊരുങ്ങാൻ മടിക്കില്ലെന്നും ഐക്യവേദി പ്രവർത്തകർ വ്യക്തമാക്കി.
ദളിതർക്കായുള്ള പാർപ്പിടസമുച്ചയ നിർമ്മാണപദ്ധതി പ്രദേശം കാടുകയറി നശിയ്ക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി
ഫണ്ടിന്റെ അപര്യാപ്തത മൂലം നിർമ്മാണം പാതിവഴിയിലായി നിൽക്കുന്നത് 4 ഫ്ലാറ്റുകൾ
കമ്മ്യൂണിറ്റി ഹാൾ പണിതത് പത്തോളം ദളിത് കുടുംബങ്ങൾക്ക് വീട് പണിയാൻ ഇടമാകേണ്ട ഭൂമിയിൽ
കമ്മ്യൂണിറ്റി ഹാൾ പണിതത് പദ്ധതി വിഹിതം വകമാറ്റി ചെലവഴിച്ച്
കമ്മ്യൂണിറ്റി ഹാളിന് യാതൊരുവിധ സൗകര്യവുമില്ലെന്നും ആക്ഷേപം
ഹിന്ദു ഐക്യവേദിയുടെ ആവശ്യങ്ങൾ
1. പാർപ്പിടസമുച്ചയ നിർമ്മാണത്തിനായി 2012ൽ വാങ്ങിയതിൽ ബാക്കിയുള്ള ഭൂമി ഇരുപത്തഞ്ചോളം ദളിത് ഗുണഭോക്താക്കൾക്ക് പ്ലോട്ടുകളായി തിരിച്ചു നൽകണം
2. ഫ്‌ളാറ്റുകളുടെ ശേഷിയ്ക്കുന്ന നിർമ്മാണജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ആവശ്യക്കാർക്ക് കൈമാറണം
3. കോടനാട് കുറിച്ചിലക്കോടിന് സമീപം പണിതീർത്ത പൊതുശ്‌മശാനത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണം
ദളിത് സമൂഹത്തിന്റെ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ശുദ്ധ തട്ടിപ്പാണ് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം. ഈ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുണ്ടാകും
ഗിരീഷ് നെടുമ്പുറത്ത്
ഹിന്ദു ഐക്യവേദി
ഇത് ജില്ലാപഞ്ചായത്തിന്റെ പദ്ധതിയാണ്. ഗ്രാമ പഞ്ചായത്ത് ഇതിനായി പണം ചെലഴിച്ചിട്ടില്ല.
മായകൃഷ്ണകുമാർ
പ്രസിഡന്റ്
കൂവപ്പടി പഞ്ചായത്ത്