കൊച്ചി: കേന്ദ്ര സിലബസ് സ്കൂളുകളുടെ ജില്ലാ കായികമേളയ്‌ക്ക് നാളെ കാതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. രാവിലെ 7.30ന് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, കായികമേള കൺവീനർമാരായ സുചിത്ര ഷൈജിന്ത്, ഫാ. മാത്യു കരീത്തറ എന്നിവർ സന്നിഹിതരാകും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കായികമേളയിൽ മാറ്റുരയ്ക്കും. മത്‌സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർ ഈമാസം അവസാനം എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ അർഹത നേടും. 68 സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം കായികപ്രതിഭകൾ മത്‌സരങ്ങളിൽ പങ്കെടുക്കും.