നവീകരിച്ച എറണാകുളം മാർക്കറ്റ് നാടിന് സമർപ്പിച്ചു
കൊച്ചി: എറണാകുളം മാർക്കറ്റ് നവീകരണം മാതൃകയാക്കി വികസനകാര്യങ്ങളിൽ എല്ലാവരും കൈകോർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി നഗരസഭയ്‌ക്കായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റ് നാടിന് സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഴയ മാർക്കറ്റ് ഒഴിപ്പിച്ച് അവിടെ പുതിയതു പണിയുക എളുപ്പമല്ല. എല്ലാവരും ഒന്നിച്ചുനിന്നതുകൊണ്ടാണ് മാർക്കറ്റ് നിശ്ചിത സമയത്തിൽ പൂർത്തിയാക്കാനായത്. ഒരു ദിവസം പോലും നിർമ്മാണം മുടങ്ങിയില്ല. നവീകരിച്ച മാർക്കറ്റ് സന്ദർശകരുടെ കേന്ദ്രമാകും. വിദേശരാജ്യങ്ങളിൽ പോകുന്നവർ മാർക്കറ്റുകൾ സന്ദർശിക്കുക പതിവാണ്. ആ പട്ടികയിലേക്കാണ് എറണാകുളം മാർക്കറ്റും എത്തിയിരിക്കുന്നത്. മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും സമാനമായി മാർക്കറ്റ് നവീകരിക്കാനാകുമെന്ന ആത്മവിശ്വാസമാണ് കൊച്ചി കോർപ്പറേഷൻ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്യാധുനിക നിലവാരത്തിൽ ഒരുക്കുന്ന മൾട്ടി ലെവൽ പാർക്കിംഗിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു.
മാർക്കറ്റ് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, അകത്തെ സൗകര്യങ്ങൾ നേരിട്ടു വിലയിരുത്തി. തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ വിനോദ്, ഉമ തോമസ്, മേയർ എം.അനിൽ കുമാർ, ഡെപ്യൂട്ടിമേയർ കെ.എ. ആൻസിയ, സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായർ, കളക്ടർ എൻ.എസ്.കെ ഉമേഷ്, കമ്മിഷണർ പുട്ട വിമലാദിത്യ, മുൻ മേയർ സൗമിനി ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.
72 കോടി ചെലവ്
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കറിൽ 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാലു നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. 275 കടമുറികളുണ്ട്. നിർദ്ദിഷ്ട പാർക്കിംഗ് സമുച്ചയത്തിൽ 24.65 കോടി ചെലവിൽ 120 കാറുകളും 100 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയും.