 
ആലുവ: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും നിക്ഷേപകർക്ക് ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുപ്പത്തടം സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപം എത്രയായാലും ഒരാശങ്കയും വേണ്ട, ഭദ്രമായിരിക്കും.
സംസ്ഥാനത്തെ സഹകരണ മേഖലയുടെ വളർച്ചയിൽ ചിലർക്ക് അസൂയയാണ്. ഉദാരവത്കരണ നയങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കേരളം സഹകരണ മേഖലയെ സഹായിച്ചു. മേഖലയെ തകർക്കാർ ചിലർ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘം പോലുള്ള അജണ്ടകളും നയങ്ങളും കൊണ്ടുവന്നു. നിക്ഷേപം ആകർഷിക്കുന്നതാണ് കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവർത്തനം. കേരള ബാങ്കിനെ കൂടുതൽ ശക്തിപ്പെടുത്തണം. അപൂർവം സ്ഥാപനങ്ങളിൽ തെറ്റായ ചില പ്രവണത ഉണ്ടായപ്പോൾ ഇവർക്കെതിരെ കർക്കശ നിലപാട് സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. ഹെഡ് ഓഫീസ് മോണിംഗ് ആൻഡ് ഈവനിംഗ് ശാഖ മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കൽ സ്റ്റോർ എസ്. ശർമ്മയും നീതി ലാബ് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും സേഫ് ഡെപ്പോസിറ്റ് കെ.എം. ദിനകരനും ഉദ്ഘാടനം ചെയ്തു. സഹകരണ ഡോക്യുമെന്ററി അബ്ദുൾ അസീസ് പ്രകാശിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി, സെക്രട്ടറി പി.എച്ച്. സാബു, വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ, അഡ്വ. എം.എം. മോനായി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, രമ്യ തോമസ്, ആർ. രാജലക്ഷ്മി, കെ. സജീവ് കർത്ത തുടങ്ങിയവർ സംസാരിച്ചു.