c

കൊച്ചി: ഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമ കേസുകൾ ഇര പരാതി പിൻവലിച്ചാലും റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് പലതവണ പീഡിപ്പിച്ചതായി സ്കൂളിലെ കൗൺസലിംഗിനിടെ കുട്ടി വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കവേ മകൾ പരാതി പിൻവലിക്കാൻ തയ്യാറായി. തുടർന്ന് മകളുടെയും ഭാര്യയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ,​ ആരോപണം ഗുരുതരമായതിനാൽ പ്രതി വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.

ഇര സംഭവത്തിന്റെ ആഘാതം അതിജീവിച്ചാൽ പോലും കേസ് റദ്ദാക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ സമീപകാലവിധിയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 15 വയസുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അദ്ധ്യാപികയ്‌ക്കെതിരായ നടപടികൾ റദ്ദാക്കിയ രാജസ്ഥാൻ ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ലൈംഗികാതിക്രമവും മറ്റ് നിരവധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെടുന്ന ഈ കേസിലും സുപ്രീംകോടതി വിധി ബാധകമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകളെ മൂന്നു വർഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.