
പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ കൊച്ചിയും
കൊച്ചി: വിദേശത്ത് ഉന്നതപഠനം തിരഞ്ഞെടുക്കുന്നവരിൽ കൂടുതലും സംസ്ഥാന സിലബസിൽ പഠിക്കുന്നവർ. വിദേശപഠനം തേടുന്നവരിൽ ഭൂരിഭാഗവും ആൺകുട്ടികൾ. ജപ്പാൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലും പഠിക്കാനും കുടിയേറാനും താത്പര്യം വർദ്ധിച്ചു. വിദേശപഠനത്തിന് താത്പര്യം കാണിക്കുന്നവരുടെ രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നാണ് കൊച്ചി.
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളേക്കാൾ സംസ്ഥാന സിലബസുകാരാണ് പഠനത്തിനായി വിദേശത്ത് കുടിയേറുന്നതെന്ന് വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ലീപ്പ് സ്‌കോളർ നടത്തിയ സർവേയിൽ കണ്ടെത്തി. ഇത്തരം വിദ്യാർത്ഥികൾ കൂടുതലുള്ള പ്രധാന നഗരമായി കൊച്ചി വളരുകയാണ്. ബംഗളൂരു, ചെന്നൈ, മുംബയ്, ഹൈദരാബാദ്, പൂനെ, വിശാഖപട്ടണം, ലക്‌നൗ എന്നിവയാണ് ഇക്കാര്യത്തിൽ കൊച്ചിക്കൊപ്പമുള്ള മറ്റു നഗരങ്ങൾ. വിദേശത്ത് പഠിക്കാൻ പോകുന്നവരിൽ 66 ശതമാനവും ആൺകുട്ടികളാണ്.
കാനഡ, യു.കെ., യു.എസ് എന്നിവയാണ് വിദേശപഠനത്തിന് കുട്ടികളുടെ ആദ്യ പരിഗണനയിലുള്ള രാജ്യങ്ങൾ. ജപ്പാൻ, നെതർലൻഡ്‌സ് പോലുള്ള പുതിയ രാജ്യങ്ങളെയും കൂടുതൽ താത്പര്യത്തോടെയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പരിഗണിക്കുന്നത്.
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ തലമുറയുടെ തിരഞ്ഞെടുപ്പ്. സൈക്കോളജി, നിയമം, സ്‌പോർട്‌സ് സയൻസ്, ആർക്കിടെക്ചർ, ബിൽഡിംഗും പ്ലാനിംഗും, അവതരണകലകൾ, സാമൂഹ്യശാസ്ത്രം എന്നിവയും ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നുണ്ട്.
വിദേശവിദ്യാർത്ഥികൾ:
എണ്ണം ഇരട്ടിയായി
വിദേശപഠനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഏതാനും വർഷങ്ങളായുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 2024ൽ 13.3 ലക്ഷം ഇന്ത്യക്കാർ വിദേശത്ത് പഠിക്കുന്നുണ്ട്. 2022ൽ ഇത് 7.5 ലക്ഷമായിരുന്നു.
വിദേശപഠനത്തിനുള്ള താല്പര്യം രാജ്യത്ത് മൊത്തത്തിൽ വർദ്ധിക്കുന്നത് കൊച്ചിയിലും മികച്ചരീതിയിൽ പ്രകടമാണെന്ന് അംഗീകൃത ഏജൻസികൾ പറയുന്നു. സമീപജില്ലകളിൽ നിന്നുള്ളവരും കൊച്ചിയിലെ സ്ഥാപനങ്ങൾ വഴി വിദേശത്ത് പോകുന്നു. നൂറിലേറെ ഏജൻസികളാണ് വിദേശത്ത് പഠനവും കുടിയേറ്റവും ഒരുക്കാൻ കൊച്ചിയിൽ മാത്രം പ്രവർത്തിക്കുന്നത്.
''സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പാഠ്യപദ്ധതികളിൽ പഠിക്കുന്നവരാണ് വിദേശപഠനത്തോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതെന്നുള്ള പൊതുബോധത്തെ തകർക്കുന്നതാണ് സർവേ ഫലം.""
അർണവ് കുമാർ
സഹ സ്ഥാപകൻ
ലീപ്പ് സ്കോളർ
2024- 13.3 ലക്ഷം
2022- 7.5