ekm

കൊച്ചി: ഒമ്പത് മാസത്തിനിടെ 5,228 വാഹനാപകടങ്ങൾ. പൊലിഞ്ഞത് 347 ജീവനുകൾ. എറണാകുളം ജില്ലയിലെ വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും കണക്ക് ഭയപ്പെടുത്തും.

അപകടങ്ങൾ കൂടുതലും വൈകിട്ട് ആറിനും പുലർച്ചെ മൂന്നിനും ഇടയിലാണ്. യുവാക്കളാണ് മരിച്ചതിലേറെ. ജില്ലയിൽ 58 ഇടങ്ങൾ പതിവായി വാഹനാപകട കേന്ദ്രങ്ങളാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവയെ 39 ഹോട്ട് സ്‌പോട്ടായും 19 ബ്ലാക്ക് സ്‌പോട്ടായും തരംതിരിച്ചിട്ടുണ്ട്.

നഗരത്തെ അപേക്ഷിച്ച് എറണാകുളം റൂറൽ മേഖലയിലാണ് വാഹനാപകടങ്ങളും മരണവും കൂടുതൽ. കഴിഞ്ഞ സെപ്തംബർ വരെ 3,236 അപകടങ്ങളിലായി 234 പേരുടെ ജീവൻ പൊലിഞ്ഞു. നഗരത്തിൽ 113 പേർ മരിച്ചു. പോയവർഷം സിറ്റിയിൽ 177 പേരും റൂറലിൽ 171 പേരും മരിച്ചു. 2022ൽ 350 പേരുടെ ജീവനാണ് റൂറൽ മേഖലയിലെ പാതകളിൽ പൊലിഞ്ഞത്. സിറ്റിയിൽ 172 പേർ. പ്രതിവർഷം അയ്യായിരത്തിലേറേ പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്.

ബ്ലാക്ക് സ്പോട്ടുകൾ: പള്ളിമുക്ക് ജംഗ്ഷൻ, തോപ്പുംപടി, കരിങ്ങാച്ചിറ, പറവൂർ കെ.എം.കെ. ജംഗ്ഷൻ, കണ്ണാടിക്കടവ്, ദേവസ്വംനട ജംഗ്ഷൻ, മാടവന ജംഗ്ഷൻ, മുട്ടം മെട്രോ സ്റ്റേഷൻ, ഞാറയ്‌ക്കൽ, കറുകുറ്റി ജംഗ്ഷൻ, നോർത്ത് കളമശേരി, പാലാരിവട്ടം ജംഗ്ഷൻ, എടവനക്കാട്, ചെറുകുന്നം, കീഴില്ലം, പുതിയകാവ് ആശുപത്രി ജംഗ്ഷൻ, കടവന്ത്ര ജംഗ്ഷൻ, എറണാകുളം മേനക, വാഴക്കുളം.