 
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടത്തിൽ ജനങ്ങൾ ഭീതിയിലാണ്. ഒന്നും രണ്ടും വാർഡുകളിൽ താമസിക്കുന്നവർ തെരുവുനായ്ക്കളെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ പോലും വിഷമിക്കുന്നു. കുട്ടികളാണ് ഏറെ പ്രയാസപ്പെടുന്നത്.
പ്രധാന റോഡുകളിലും ഇടവഴികളിലുമൊക്കെ കുഞ്ഞുങ്ങളടക്കമുള്ള തെരുവു നായ്ക്കൾ കൂട്ടത്തോടെയാണ് വിലസുകയാണ്. കഴിഞ്ഞയാഴ്ച മാന്താറ്റ് ഭാഗത്ത് നായ റോഡ് കുറുകെച്ചാടിയുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരന്റെ കൈഒടിഞ്ഞു. പുലർച്ചെ ക്ഷേത്രത്തിൽ പോയ സ്ത്രീയെ നായ ആക്രമിച്ചിട്ട് ഏറെ നാളായില്ല.
രണ്ടാം വാർഡിലും തെരുവ്നായ്ക്കളുടെ വിളയാട്ടമാണ്. രാത്രികാലങ്ങളിൽ പട്ടിയുടെ കുരകാരണം ഉറങ്ങാൻ സാധിക്കുന്നില്ല. കുഞ്ഞുങ്ങളുടെ കാവൽക്കാരായി പലേടത്തും തള്ളപ്പട്ടികൾ കാവൽനിൽക്കുകയാണ്. ആളുകളെ കണ്ടാൽ ഇവ കുരച്ചുചാടുകയാണ്. ജീവൻ പണയപ്പെടുത്തിയാണ് തങ്ങൾ യാത്രചെയ്യുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. പല വീടുകളിലും പുറത്ത് സൂക്ഷിച്ചിരുന്ന ചെരുപ്പുകളും കടിച്ചുകീറുന്നു. വാർഡ് മെമ്പറോട് പരാതി പറഞ്ഞ് മടുത്തിരിക്കുയാണ് പ്രദേശവാസികൾ. പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്ഥീകരിക്കണമെന്നാണ് ആവശ്യം.
* വിളയാട്ടം ഇവിടങ്ങളിൽ
* ഉദയംപേരൂർ കവല, മാന്താറ്റ് ക്ഷേത്ര പരിസരം, നടക്കാവ്, പുത്തൻകാവ്, തെക്കൻപറവൂർ, ഉള്ളാടൻ വെളിമാർക്കറ്റ് ഭാഗം എന്നിവിടങ്ങളിലെല്ലാം ജനങ്ങൾ നായ്ക്കളെ കൊണ്ടു പൊറുതിമുട്ടുകയാണ്
* എം.എൽ.എ റോഡിന്റെ വടക്കേയറ്റത്ത് പത്തിലേറെവരുന്ന നായ്ക്കൂട്ടം വിലസുന്നു
* പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ, വിദ്യാർത്ഥികൾ, പത്ര ഏജന്റുമാർ, പാൽ വിതരണക്കാർ, ഇരുചക്ര വാഹനയാത്രക്കാർ എന്നിവരാണ് കൂടുതലായും ആക്രമണത്തിന് ഇരയാകുന്നത്