
ചോറ്റാനിക്കര: തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കഴിഞ്ഞദിവസം പ്രദർശിപ്പിച്ച രണ്ട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തിയത് ചോറ്റാനിക്കര അമ്പാടിമലയിലെ ദമ്പതികൾ. ജിഷോ ലോ ആന്റണി സംവിധാനം ചെയ്ത രുധിരം, ജിതിൻ ഐസക് സംവിധാനം ചെയ്ത പാത്ത് എന്നീ സിനിമകളിലാണ് ഭാര്യാഭർത്താക്കന്മാരായ ജയശ്രീ, സതീഷ് പി.ബാബു എന്നിവർ വേഷമിട്ടത്.രുധിരം സിനിമയിൽ കഥാനായകനായ രാജ് ബി.ഷെട്ടിയുടെ അമ്മയുടെ വേഷമാണ് ജയശ്രീക്ക്. കഥാപാത്രത്തിന്റെ പേര് റോസി. പാത്തിലാണ് സതീഷ് വേഷമിട്ടത്. പരമ്പരാഗതമായി കൈമാറി കിട്ടിയ ഒരു പാട്ട് കൈവശം വെച്ചിരിക്കുന്ന ബിനോയ് പള്ളുരുത്തി എന്ന കഥാപാത്രമായാണ് സതീഷ് വേഷമിട്ടിരിക്കുന്നത്. പാത്തിൽ ജയശ്രീയും അഭിനയിച്ചിട്ടുണ്ട്. സതീഷിന്റെ ഭാര്യയായിതന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
കുടുംബം നാടകട്രൂപ്പ്
ചോറ്റാനിക്കര പീടിക പറമ്പിൽ വീട്ടിൽ സതീഷിന് ജീവനും ജീവിതവും നാടകമാണ്. 50കാരനായ സതീഷിന്റെ മനസിൽ നാടകം നിറയാൻ തുടങ്ങിയിട്ട് വർഷം 22 കഴിഞ്ഞു. ജീവിതസഖിയായ ജയശ്രീയും സതീശന്റെ നാടക ഭ്രമം ഏറ്റെടുത്തതോടെ കുടുംബം തന്നെ നാടക ട്രൂപ്പായി. സതീഷിനൊപ്പം വേദികളിൽ നിറഞ്ഞാടുകയാണ് ജയശ്രീയും മക്കളായ സഞ്ജയും സാരംഗിയും. സതീഷ് അഞ്ചാം ക്ലാസ് മുതൽ പത്ര വിതരണം നടത്തി അദ്ധ്വാനിക്കാൻ തുടങ്ങിയിരുന്നു. 30 വയസു വരെ ബൈക്ക് ഷോറൂമിലെ മെക്കാനിക്കായി ജോലി നോക്കി. തുടർന്നാണ് നാടകത്തെ നെഞ്ചേറ്റാൻ തുടങ്ങിയത്. നാടക സംസ്കാരം കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുകയായിരുന്നു സതീശന്റെ ലക്ഷ്യം. അതിനിടയിൽ കുടുംബത്തെയും കൂട്ടി പല സംസ്ഥാനങ്ങളിലും കറങ്ങി. ഹിന്ദിയും ഇംഗ്ലീഷും തമിഴും അനായാസം കൈകാര്യം ചെയ്ത് ആ ദമ്പതികൾ നടന്നെത്തിയത് സിനിമാലോകത്തേക്ക്.
ചേച്ചി, ബൊമ്മ എന്നീ നാടകങ്ങളിലൂടെയാണ് ഭാര്യ ജയശ്രീ അരങ്ങിൽ സജീവമായത്. നാടകക്കളരിയിൽ നിന്ന് ജോൺ പി. വേക്കൻ പകർന്നു നൽകിയ അനുഭവങ്ങൾ കൈമുതലാക്കി കോമാല എന്ന നാടകത്തിലൂടെ തുടക്കം കുറിച്ച് തെരുവ് നാടകങ്ങളിലും തിയേറ്റർ നാടകങ്ങളിലും മുദ്ര പതിപ്പിച്ചുകൊണ്ട് അയ്യായിരത്തിലധികം വേദികൾ അദ്ദേഹം പിന്നിട്ടു കഴിഞ്ഞു.നാടക സീരിയൽ നടിശ്രീ നന്ദിനിയുടെ കൊച്ചുമകൻ കൂടിയാണ് സതീഷ്.