
വീട്ടുജോലിക്കാരായ ബീഹാറി ദമ്പതികൾ അറസ്റ്റിൽ
കൊച്ചി: ഹൃദയാഘാതമല്ലാതെ മരണത്തിൽ മറ്റ് സംശയങ്ങളില്ല. പക്ഷേ, വീട്ടിൽനിന്ന് മൊബൈൽ ഫോണും പണവും സ്വർണവും മറ്റും നഷ്ടപ്പെട്ടിട്ടുമുണ്ട്. ജോലിക്കാരെ പിന്നീട് കാണാനുമില്ല! വാഴക്കാലയിൽ ആക്രി വ്യാപാരിയായ എ.ആർ.എ 49ൽ ഓത്തുപള്ളിപ്പറമ്പ് എം.എ. സലീമിന്റെ (68) മരണത്തിൽ ബന്ധുക്കൾക്ക് ചില സംശയങ്ങളുണ്ടായിരുന്നു. 15 ദിവസങ്ങൾക്കിപ്പുറം കൊലപാതക സാദ്ധ്യതയ്ക്ക് ബലം നൽകി വീട്ടുജോലിക്കാരായ ദമ്പതികളുടെ അറസ്റ്റിലേക്ക് പൊലീസ് എത്തി. ബീഹാർ നളന്ദ ഗ്രാംബാരിദ് സ്വദേശി കൗശൻ കുമാർ(25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെ കവർച്ചയ്ക്കാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കവർച്ചയ്ക്ക് കാരണം തേടിയിറങ്ങിയ പൊലീസ് സലീം മരിക്കാനിടയായ കാരണം കണ്ടെത്തിയ അന്വേഷണവഴിയിങ്ങനെ.
സീൻ 1
2024 നവംബർ 29. നാട്ടുകാർക്കെല്ലാം സുപരിചിതനായ സലീമിനെ അന്ന് വൈകിട്ടാണ് ഹാളിൽ മരിച്ചനിലയിൽ കാണുന്നത്. വീട്ടിലും പരിസരത്തും കാണാതായതോടെ അയൽവാസിയായ ബന്ധു വന്ന് അന്വേഷിക്കുകയായിരുന്നു. ഉടൻ പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ച് മേൽനടപടികൾ പൂർത്തിയാക്കി. ഹൃദയാഘാതമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസ് അന്വേഷണം നിന്നു. യു.കെയിലേക്ക് പോയ സലീമിന്റെ ഭാര്യയും വിദേശത്തുള്ള മക്കളും തിരിച്ചെത്തി സംസ്കാരം പൂർത്തിയാക്കി.
സീൻ 2
സലീമിന്റെ രണ്ട് സ്വർണമോതിരം, മൂവായിരം രൂപ, സലിമിന്റെ നാണയശേഖരം, മൊബൈൽ ഫോൺ എന്നിവയെല്ലാം നഷ്ടപ്പെട്ടത് ബന്ധുക്കൾക്ക് സംശയം ജനിപ്പിച്ചു. ബിഹാറുകാരായ വീട്ടുജോലിക്കാരെ കാണാതായതും സംശയത്തിന് ബലംകൂട്ടി. ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിക്കാരായ കൗശൽ കുമാറും ഭാര്യ അസ്മിത കുമാരിയെയും കേന്ദ്രീകരിച്ചായി അന്വേഷണം.
സീൻ 3
കാക്കനാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ 28ന് വാഴക്കാല ഭാഗത്ത് നിന്ന് ചിലസാധനങ്ങളുമായി മടങ്ങുന്ന സി.സി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. അന്വേഷണത്തിൽ ഇവർ കേരളം വിട്ടെന്ന് കണ്ടെത്തി. അന്വേഷണം വഴിമുട്ടി. മൊബൈൽ നമ്പറുകളെല്ലാം നിരീക്ഷിച്ചു. മൂന്നുദിവസം മുമ്പ് ബീഹാറിൽനിന്ന് തിരിച്ചെത്തിയ വിവരം പൊലീസ് അറിഞ്ഞു. കാക്കനാട്ടെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെയാണ് 28ന് നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയത്.
സീൻ 4
അഞ്ച് മാസം മുമ്പാണ് പ്ലംബറായ കൗശൽ സലീമിന്റെ വീട്ടിൽ ജോലിക്കായി എത്തുന്നത്. അടുക്കള ജോലിക്കായി ഒരാളെ വേണമെന്ന് അറിയിച്ചതോടെ ഭാര്യയെയും കൂടെക്കൂട്ടി. 28ന് സലീമിന്റെ ഭാര്യ മകളോടൊപ്പം യു.കെയിലേക്ക് പോയി. ദമ്പതികളോട് ജോലി മതിയാക്കാൻ നിർദ്ദേശിച്ചായിരുന്നു അവർ മടങ്ങിയത്. വൈകിട്ട് സലീം മോശമായി പെരുമാറിയെന്നും തള്ളിയപ്പോൾ വീഴുകയായിരുന്നുവെന്നുമാണ് അസ്മിതയുടെ മൊഴി. അനക്കമില്ലാതെ കണ്ടപ്പോൾ രക്ഷപ്പെടാനായി കിട്ടിയതെല്ലാം കൈക്കലാക്കി സ്ഥലംവിട്ടു. മൊബൈൽ ഉപേക്ഷിച്ചെന്നുമാണ് ദമ്പതികളുടെ വെളിപ്പെടുത്തൽ.
ദമ്പതികൾ കൊലപാതകം ചെയ്തുവെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. മോഷണം, മനപ്പൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നു.
പി.വി. ബേബി
അസി. കമ്മിഷണർ
തൃക്കാക്കര