പെരുമ്പാവൂർ: നാൽപ്പത്തൊമ്പത് നിരീക്ഷണ ക്യാമറകൾ വെങ്ങോല പഞ്ചായത്ത്സ്ഥാപിച്ച് ജില്ലാ കളക്ടർ ഉദ്ഘാടനം നടത്തിയ ദിവസം രാത്രി തന്നെ റോഡരികിൽ 15 ഓളം ചാക്കുകളിൽ മാലിന്യം തള്ളി. വെങ്ങോല പഞ്ചായത്ത് 23-ാം വാർഡിൽ അറയ്ക്കപ്പടി പോഞ്ഞാശേരി പി.ഡബ്ളിയു. ഡി. റോഡിൽ ചുണ്ടമലപ്പുറം അങ്കണവാടിക്കു സമീപത്തെ റോഡരികിലാണ് മാലിന്യം തള്ളിയത്. രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജീർണിച്ച തുണികളും പ്ളാസ്റ്റിക്കും ഉൾപ്പെടെയുള്ളവയാണ് ചാക്കുകളിലുണ്ടായിരുന്നത്. ക്യാമറ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി കേസെടുക്കണമെന്ന് വാർഡ് അംഗം അഡ്വ. ബേസിൽ കുര്യാക്കോസ് പെരുമ്പാവൂർ സി.ഐക്കു പരാതി നൽകി.