rajeev
സ്നേഹവീട് പദ്ധതിയിൽ കരുമാല്ലൂർ കീഴ്ത്തറ പറമ്പ് പുളിക്കൽ വീട്ടിൽ അംബിക ശ്രീധരന് നിർമിച്ചു നൽകുന്ന വീടിന് മന്ത്രി പി. രാജീവ് തറക്കല്ലിടുന്നു

ആലങ്ങാട്: കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന സ്നേഹവീട് പദ്ധതിയിൽ ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു. കരുമാല്ലൂർ കീഴ്ത്തറ പറമ്പ് പുളിക്കൽ വീട്ടിൽ അംബിക ശ്രീധരനാണ് വീട് നിർമ്മിച്ചു നൽകുന്നത്. മന്ത്രി പി. രാജീവ് തറക്കല്ലിടൽ നിർവഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. ഷഹ്ന അദ്ധ്യക്ഷയായി. അംബികയുടെ ഭർത്താവ് ശ്രീധരൻ 22 വർഷം മുമ്പ് മരിച്ചതാണ്. ജന്മനാ കേൾവിയും സംസാരശേഷിയുമില്ലാത്ത മകൻ ശ്രീജിത്ത്, ഭാര്യ, രണ്ട് കുട്ടികൾ, സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായ മകൾ ആര്യ എന്നിവരും അംബികക്കൊപ്പമാണ് താമസം. 500 ചതുരശ്രയടി വിസ്തീർണത്തിൽ എട്ട് ലക്ഷം രൂപ മുടക്കിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവരുടെ സാമ്പത്തിക സഹായത്തോടെ രാജഗിരി ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണ് നിർമാണം. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ലാലു, റംല ലത്തീഫ്, സംഘാടക സമിതി കൺവീനർ വി.എൻ. സുനിൽ എന്നിവർ സംസാരിച്ചു.