ആലുവ: ചൂർണ്ണിക്കര പഞ്ചായത്തിൽ ഭൂരഹിത ഭവനരഹിതരായ 600 ഓളം കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമി റീസർവേ പുനരാരംഭിക്കുന്നു. ലൈഫ് ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ തഹസീൽദാറിന് (ഭൂരേഖ) ജില്ലാ കളക്ടർ ഉത്തരവ് നൽകി. കമ്പനിപ്പടി ദേശായി ഹോംസിനും പഞ്ചായത്തിനും ആക്ഷൻ കൗൺസിലിനും നോട്ടീസ് നൽകുന്നമെന്ന് താലൂക്ക് ഓഫീസ് അറിയിച്ചു.

ദേശായി ഹോംസ് അനുബന്ധ പുറമ്പോക്ക് ഭൂമികളിൽ അതിർത്തി നിർണ്ണയിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിനാണ് റവന്യു വകുപ്പിന്റെ റീസർവേ.

കഴിഞ്ഞ വർഷം ഡിസംബർ 12ന് ചൂർണ്ണിക്കര വില്ലേജ് ബ്ലോക്ക് 34, സർവ്വെ നമ്പർ 176/1 ലെ ദേശായി ഹോംസിന്റെ 16.80 ആർ (42 സെന്റ്) പുറമ്പോക്ക് ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തിയിരുന്നതാണ്. തുടർന്ന് നടപടികൾ മന്ദീഭവിച്ചു. പിന്നീട് കഴിഞ്ഞ സെപ്റ്റംബർ 27 നും 3 പുറമ്പോക്ക് ഭൂമികളിൽ റീസർവേ നടന്നു.

 കാടുവെട്ടിത്തളിച്ച് നൽകിയില്ല

കാട് വെട്ടിത്തെളിയിച്ച് വൃത്തിയാക്കാൻ ദേശായി ഹോംസിനും ചൂർണ്ണിക്കര പഞ്ചായത്ത് അധികാരികൾക്കും അറിയിപ്പു നൽകിയെങ്കിലും ഒന്നും നടന്നില്ല. സ്ഥലം കാടുപിടിച്ച് കിടക്കുന്നതിനാൽ പുറമ്പോക്കുകൾ തിരിച്ചറിഞ്ഞ് മാർക്ക് ചെയ്യാനാകുന്നില്ലെന്ന് സർവേയർക്ക് റിപ്പോർട്ടിൽ പരാമർശിക്കേണ്ടി വന്നു. ആക്ഷൻ കൗൺസിൽ വീണ്ടും ജില്ലാ കളക്‌ടർക്ക് നൽകിയിരുന്ന പരാതിയിലാണ് പുതിയ നിർദ്ദേശം.

ചൂർണ്ണിക്കരയിൽ വൃദ്ധരും കിടപ്പു രോഗികളും ഉൾപ്പെടെ 600 ൽ പരം ദരിദ്ര കുടുംബങ്ങൾ ഭൂമിക്കും വീടിനുമായി കാത്തിരിക്കുന്ന സാഹചര്യത്തിൽ പരമാവധി പുറമ്പോക്ക്, മിച്ച ഭൂമികൾ കണ്ടെത്തി ലൈഫ് മിഷന് കൈമാറണം

പി. നാരായണൻകുട്ടി

കൺവീനർ

ആക്ഷൻ കൗൺസിൽ