
കോലഞ്ചേരി: പാങ്കോട് ഗ്രാമീണ വായനശാലയുടെയും പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ സദസിൽ സാഹിത്യാരാമത്തിലെ മുല്ലമൊട്ടുകൾ ബാലസാഹിത്യ സമാഹാരം പ്രകാശനം ചെയ്തു. ചേർത്തല എൻ.എസ്.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും സാഹിത്യ ആസ്വാദകനുമായ ഡോ. എൻ.കെ. പ്രവീൺ പ്രകാശനം നിർവഹിച്ചു.
വായനശാല പ്രസിഡന്റ് എം.കെ. രാജു അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. മനോജ് ആദ്യ പ്രതി ഏറ്റുവാങ്ങി. വായനശാലാ സെക്രട്ടറി പി. ശ്രീകുമാർ, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ മനോജ് മോഹൻ, ബോർഡ് അംഗം എൻ.ആർ. സജീവ്, കെ.യു. സുകുമാരൻ, കെ.ജി. ശ്രീകുമാർ, രമ്യ പ്രസാദ്, കെ.ജി. ദീപ്തി എന്നിവർ സംസാരിച്ചു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനം ഭാരതീയ ഭാഷാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാർത്ഥികൾ സ്വന്തമായി എഴുതിയ 12 കവിതകളുടെയും 2 കഥകളുടെയും സമാഹാരമാണിത്.