കൊച്ചി: എറണാകുളം മംഗളവനത്തിന് സമീപം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫി (എൻ.ഐ.ഒ)യുടെ പിൻഗേറ്റിന്റെ കമ്പിയിൽ കോർത്തനിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായില്ല. തമിഴ്‌നാട് സ്വദേശിയെന്ന് മാത്രമാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണം ഊർജിതമാക്കിയതായി സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയ് അറിയിച്ചു.

ടാക്‌സി - ഓട്ടോ ഡ്രൈവർമാർ, നഗരത്തിൽ അലഞ്ഞുതിരിയുന്നവർ എന്നിവരിൽ നിന്നെല്ലാം വിവരങ്ങൾ തേടിവരികയാണ്. ഇയാൾ കേസുകളിൽ പ്രതിയാണോയെന്ന് കണ്ടെത്താൻ വിരലടയാളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ആറരയോടെ എൻ.ഐ.ഒയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിഞ്ഞ ശേഷമാകും സംസ്‌കാരം.