അങ്കമാലി: കറുകുറ്റി പാദുവപുരം കരിപ്പാല ഭാഗത്ത് ചക്കിച്ചേരിവീട്ടിൽ ആന്റണിലൂയീസിനെ (ആന്റപ്പൻ 23) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ഹൈവേ കേന്ദ്രീകരിച്ച് കവർച്ച ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതിയാണ്.
കഴിഞ്ഞ സെപ്തംബറിൽ മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ കണ്ടംകുന്ന് ഭാഗത്ത് നിർമ്മലഗിരി കോളേജിന് സമീപം കാർ യാത്രക്കാരിൽനിന്ന് 3കോടി 75ലക്ഷം രൂപ കവർച്ച ചെയ്തതിന് കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ കേസിലെ മൂന്നാം പ്രതിയായതിനെ തുടർന്നാണ് നടപടി.
അങ്കമാലി പൊലീസ് ഇൻസ്പെക്ടർ ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എ. പോളച്ചൻ, എ.എസ്.ഐ പി.വി. ജയശ്രീ, സീനിയർ സി.പി.ഒ എസ്.ജി. പ്രഭ, സി.പി.ഒ സി.പി ഷിഹാബ് എന്നിവരുൾപ്പെടുന്ന സംഘമാണ് അറസ്റ്റുചെയ്തത്.