
പ്രയാഗ്‌രാജ്: നാല്പത്തിയഞ്ച് കോടിയിലേറെ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ മഹാകുംഭമേളയോട് അനുബന്ധിച്ച് വൻ പദ്ധതികളുമായി റെയിൽവേ.
1609 കോടിയുടെ പദ്ധതികളാണ് പ്രയാഗ്‌രാജിലും വാരണാസി ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിലും നടപ്പാക്കുന്നത്.
ആറു കോടിയിലേറെപ്പേർ ട്രെയിനുകളെ ആശ്രയിക്കുമെന്നാണ് വിലയിരുത്തൽ. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.
13,000ലേറെ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് സർവീസ് നടത്തും. 3,134ലേറെ സ്പെഷ്യൽ സർവീസുകളുമുണ്ടാകും.
1400 സി.സി ടിവി ക്യാമറകളും 200 ഫെയ്സ് റെക്കഗനെസിംഗ് ക്യാമറകളും സ്റ്റേഷനുകളിൽ സജ്ജമാക്കി. പ്രയാഗ്‌രാജ് ജംഗ്ഷൻ സ്റ്റേഷനിലെ സർവൈലൻസ് റൂമിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനം.
പ്രയാഗ്‌രാജ് ജംഗ്ഷൻ, നൈനി, ജൂൺസി, ഫഫമൗ സ്റ്റേഷനുകളിൽ അധിക പ്ലാറ്റ്ഫോമുകൾ, ടിക്കറ്റ് കൗണ്ടറുകൾ, എൻക്വയറി ബൂത്തുകൾ, ഡിജിറ്റൽ ഇൻഫർമേഷൻ സംവിധാനങ്ങൾ,
ഒമ്പത് സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിയവയും നടപ്പാക്കി. പദ്ധതികൾ കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.
1.9 കി.മീറ്ററിൽ
രണ്ടുവരി പാലം
വാരണാസിയെയും പ്രയാഗ്‌രാജിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന സിംഗിൾ റെയിൽവേ പാലം കാലഹരണപ്പെട്ടതിനാൽ 1.9 കിലോമീറ്റർ ദൂരത്തിൽ ഗംഗാനദിക്കു കുറകെ പുതിയ രണ്ടുവരിപ്പാലം നിർമ്മിച്ചു. സമീപ സ്റ്റേഷനുകളിൽ ട്രാക്കുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഒരേസമയം കൂടുതൽ ട്രെയിനുകൾക്ക് പുണ്യഭൂമിയിലെത്താനാവും.
പ്രധാന പദ്ധതികൾ
(ചെലവിട്ട തുക കോടിയിൽ)
# ജുസി-പ്രയാഗ് രാജ് പാത ഇരട്ടിപ്പിക്കൽ..................... 850
#ഏഴ് ഓവർ ബ്രിഡ്ജ് നിർമ്മാണം..................................375
#മൂന്ന് അടിപ്പാത നിർമ്മാണം.......................................... 40
#ഏഴിടങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം......... 226
#പ്രയാഗ് ജംഗ്ഷൻ സ്റ്റേഷനിൽ
ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ്............................88
`സുരക്ഷയ്ക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകിയാണ് സൗകര്യങ്ങൾ. സന്നദ്ധ പ്രവർത്തകരും മെഡിക്കൽ സംഘങ്ങളും തീർത്ഥാടന കാലയളവിൽ സ്റ്റേഷനുകളിലുണ്ടാകും.'
-ശശികാന്ത് തൃപതി,
സി.പി.ആർ.ഒ,
നോർത്ത് സെൻട്രൽ റെയിൽവേ