
ആമ്പല്ലൂർ: ശബരിമല സന്നിധാനത്ത് റുബിക്സ് ക്യൂബിൽ അയ്യപ്പന്റെ രൂപം തീർത്ത് കുഞ്ഞയ്യപ്പന്മാർ. ആമ്പല്ലൂർ തോട്ടത്തിൽ വീട്ടിൽ ബിജോയി ഇന്ദു ദമ്പതികളുടെ മക്കളായ അഭിനവും അദ്വൈതുമാണ് 14 മിനിറ്റുകൾ കൊണ്ട് വിസ്മയം സൃഷ്ടിച്ചത്. എ.ഡി.ജി.പി ശ്രീജിത്തിന്റെ മുന്നിലായിരുന്നു പ്രകടനം.
21 ക്യൂബുകൾ വലത്തോട്ടും 24 ക്യൂബുകൾ ഇടത്തോട്ടും ചലിപ്പിച്ച് 504 റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് വെറും 14 മിനിട്ടു കൊണ്ടാണ് പോട്രെയ്റ്റ് ഒരുക്കിയത്. സഹോദരങ്ങൾ തമ്മിൽ വഴക്കിടുന്നത് മാറ്റാൻ അമ്മ ഇന്ദു ഒരു ഗെയിം പ്ലാൻ എന്ന നിലയ്ക്കാണ് ഇവരെ റൂബിക്സ് ക്യൂബ് ഉപയോഗിക്കാൻ അഭ്യസിപ്പിച്ചത്. യൂട്യൂബിലായിരുന്നു പഠനം.
ശ്രീനാരായണഗുരുദേവന്റെ ചിത്രവും ഇവർ ഒരുക്കിയിട്ടുണ്ട്. സിനിമാതാരങ്ങളടക്കം 50 ഓളം പേരെയും റൂബിക്സ് ക്യൂബിൽ ചിത്രമാക്കി. കുഞ്ഞ് അയ്യപ്പന്മാരുടെ പ്രകടനം കാണാൻ എത്തിയ എ.ഡി.ജി.പി ശ്രീജിത്ത് ഇരുവരെയും ചേർത്ത് പിടിച്ച് ഡയറിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
ദുരന്തത്തിൽ മരിച്ച അർജുന്റെയും എ.ഡി.ജി.പി ശ്രീജിത്തിന്റെയും എ.സി.പി രാജകുമാറിന്റെയും ചിത്രങ്ങൾ റൂബിക്സ് ക്യൂബുകളിൽ തീർത്തിട്ടുണ്ട്. പൂത്തോട്ട കെ.പി.എച്ച്.എം.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡറുമാണ് അഭിനവ് കൃഷ്ണ. അനുജൻ അദ്വൈത കൃഷ്ണ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.