പിറവം: പിറവം നഗരത്തിൽ നഗരസഭയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഗതാഗത പരിഷ്കാരവുമായി ബന്ധപ്പെട്ട നിയന്ത്രണം വീണ്ടും കർശനമാക്കി. നഗരത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ട് മാസങ്ങളായെങ്കിലും കവലകളിൽ ബോർഡ് വച്ചതല്ലാതെ നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നില്ല. ഇതിനിടയിൽ നോ എൻട്രി ബോർഡുകൾ പലയിടത്തും അപ്രത്യക്ഷമായിരുന്നു. പലയിടത്തും വേണ്ടത്ര ദിശാബോർഡുകൾ ഇല്ലായിരുന്നതുമൂലം പദ്ധതി വേണ്ടരീതിയിൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.
ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ഐ.സി.ഐ.സി.ഐ ബാങ്ക് പിറവം ശാഖയുടെ സഹകരണത്തോടെ പിറവം പട്ടണത്തിൽ ദിശാ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ പി. ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൻ, ബബിത ശ്രീജി, രമ വിജയൻ, സോമൻ വല്ലയിൽ, ഷാജു ഇലഞ്ഞിമറ്റം, സാജു കുറ്റിവേലിൽ, പിറവം സ്റ്റേഷൻ ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐ എസ്.എൻ. സുമിത, സീനിയർ സി.പി.ഒ ബി. ചന്ദ്രബോസ്, കെ.എ യോഹന്നാൻ, എന്നിവർ പങ്കെടുത്തു.
നിയന്ത്രണത്തിന്റെ ഭാഗമായി പഴയ പഞ്ചായത്ത് കവലയിൽ നിന്ന് കരവട്ടേകുരിശിലേക്ക് ഗതാഗതം നിരോധിച്ചു. ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി എടുക്കും. കരവട്ടെ കുരിശിൽ നിന്ന് വരുന്ന വാഹനങ്ങൾ മാർക്കറ്റ് വഴി വൺവേയായി ബസ് സ്റ്റാൻഡിന് മുന്നിലൂടെ പോകണം. ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുവാൻ പാടില്ല.