
വൈപ്പിൻ: വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിലെ മാലിപ്പുറം പാലത്തിന് സമാന്തരപാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ പാതയിൽ ഗതാഗതം വിരളമായിരുന്ന കാലത്ത് പരിമിതമായ സൗകര്യങ്ങൾ മാത്രം പരിഗണിച്ച് രൂപകല്പന ചെയ്തതാണ് മാലിപ്പുറംപാലം. പിന്നീട് ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ വർദ്ധിച്ച വാഹന ഗതാഗതം താങ്ങാനുള്ള ശേഷി ഇപ്പോൾ പാലത്തിനില്ലെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ അപ്പെക്‌സ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. നൂറ് കണക്കിന് ബസുകളും ആയിരക്കണക്കിന് മറ്റ് വാഹനങ്ങളുമാണ് ഇത് വഴി കടന്നുപോകുന്നത്. സമാന്തരപാലം നിർമ്മാണത്തിന് വേണ്ടിയുള്ള മുറവിളി ഉയർന്നിട്ട് വർഷങ്ങളായി. ഒരു വർഷംമുൻപ് പാലം നിർമ്മാണത്തിന് അനുമതി ആയെന്നും 12 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നുവെങ്കിലും ഒരു തുടർനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഇനിയും കൂടും വാഹനങ്ങൾ
നിർമ്മാണം പുരോഗമിക്കുന്ന അഴീക്കോട് - മുനമ്പം പാലം അടുത്ത വർഷം തുറക്കുന്നതോടെ ഇത് വഴിയുള്ള ഗതാഗതം ക്രമാതീതമായി വർദ്ധിക്കും. ഇപ്പോഴത്തെ വീതികുറഞ്ഞ പാലത്തിന് പകരം ഈ റൂട്ടിലെ മറ്റ് എട്ട്പാലങ്ങളിലെപ്പോലെ വീതിയുള്ള പാലം അനിവാര്യമായി മാറും.
പാലത്തിന്റെ പല ഭാഗങ്ങളിലും കോൺക്രീറ്റുകൾ അടർന്നുപോയി.
ഉള്ളിലെ കമ്പികൾ പുറത്ത് വന്ന് തുരുമ്പ് പിടിച്ചിരിക്കുകയാണ്.
സമാന്തരപാലം നിർമ്മിച്ചില്ലെങ്കിൽ പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതി വരും.
മാലിപ്പുറത്തിന് സമാന്തരപാലം എന്ന ആവശ്യം നേടിയെടുക്കാൻ എളങ്കുന്നപ്പുഴ പഞ്ചായത്ത് റസിഡന്റ്‌സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ വൈപ്പിൻ കരയിലെ മറ്റ് റസിഡന്റ്‌സ് അസോസിയേഷനുകളെ കൂട്ടി യോജിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.
പി.കെ.മനോജ്, എൻ.ജെ. ആന്റണി
പ്രസിഡന്റ് സെക്രട്ടറിറസിഡന്റ്സ് അസോസിയേഷൻ
അപ്പെക്‌സ് കൗൺസിൽ