കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ അന്യസംസ്ഥാന അയ്യപ്പന്മാരെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ സംഘങ്ങൾ കൊള്ളയടിക്കുന്നു. തോന്നിയ നിരക്കുകളാണ് ഈടാക്കുന്നത്. എറണാകുളം നോർത്തിൽ ട്രെയിൻ ഇറങ്ങുന്ന അയ്യപ്പന്മാർക്ക് സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്താൻ ബസ് സൗകര്യമില്ല. മെട്രോസ്റ്റേഷൻ സംബന്ധിച്ച വിവരങ്ങളും ഇവർക്കില്ല. കോട്ടയം വഴി പോകുന്ന ട്രെയിനുകൾ സൗത്തിൽ കയറാത്തതിനാലാണ് അയ്യപ്പന്മാർ നോർത്തിൽ ഇറങ്ങേണ്ടിവരുന്നത്. ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും അംഗീകൃതടാക്സികളും സൗത്തിൽനിന്ന് മാത്രമാണ് സർവീസ്.
നോർത്തിൽനിന്ന് സൗത്തിലെത്താൻ ഓട്ടോയ്ക്ക് 50രൂപയും ടാക്സിക്ക് പരമാവധി 200 രൂപയുമാണ് നിരക്ക്. ഇതിന്റെ രണ്ടും മൂന്നുമിരട്ടിയാണ് അയ്യപ്പന്മാരിൽ നിന്ന് ഇടാക്കുന്നത്. അനധികൃത സ്വകാര്യവാഹനങ്ങൾക്ക് തോന്നുന്നതാണ് നിരക്ക്.
നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന അന്യസംസ്ഥാന തീർത്ഥാടകർ സൗത്തിലെത്താൻ സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നുണ്ട്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ കെ.എസ്.ആർ.ടി.സി കൗണ്ടറോ മറ്റു സേവന കേന്ദ്രങ്ങളോ ഇല്ല. തീർത്ഥാടകരുടെ പരിചയക്കുറവും ചൂഷണം ചെയ്യാനുള്ള സാദ്ധ്യത ഒരുക്കുന്നു. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നാണ് കൂടുതലും തീർത്ഥാടകർ നോർത്ത് സ്റ്റേഷനിൽ എത്തുന്നത്. ഡ്രൈവർമാരും തീർത്ഥാടകരും തമ്മിൽ ഓട്ടത്തിനുള്ള തുകയെക്കുറിച്ച് തർക്കിക്കുന്നതും പതിവ് കാഴ്ചയാണ്. പൊലീസും ഇടപെടുന്നില്ല. പലപ്പോഴും മറ്റുവഴിയില്ലാതെ ചോദിക്കുന്ന പണം നൽകി പോവുകയാണ് അയ്യപ്പന്മാർ.
പമ്പയിലേക്ക് സർവീസ്
* എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് നേരിട്ട് ടാക്സി, ട്രാവലർ, മറ്റ് സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്.
* കെ.എസ്.ആർ.ടി.സി ബസിൽ ആളുകൾ നിറയാതെ സർവീസ് നടത്താത്തതിനാൽ തീർത്ഥാടകർ ടാക്സി വാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്.
* ഈ യാത്രയ്ക്കും വാഹനഉടമകൾ ഈടാക്കുന്ന തുകയും പലതാണ്. പെർമിറ്റില്ലാത്ത ടാക്സി വാഹനങ്ങളും തോന്നിയ നിരക്കിലാണ് സർവീസ്.
* ഇവരെ നിയന്ത്രിക്കാൻ സൗത്തിൽ സംവിധാനമൊന്നുമില്ല.
* പാസ് നൽകുക മാത്രമാണ് റെയിൽവേ പൊലീസും ചെയ്യുന്നത്.
റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം നോർത്തിൽ ബസുകൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. റെയിൽവേ അധികൃതർ ആവശ്യപ്പെട്ടാൽ ടൗണിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കണക്ഷൻ ട്രിപ്പുകൾ നടത്തുന്നതടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാണ്
കെ.എസ്.ആർ.ടി.സി
അധികൃതർ