d

പ്രധാന പരിശീലകൻ സ്റ്റാറയേയും സഹപരിശീലകരേയും പുറത്താക്കി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ളാസ്‌റ്റേഴ്സിന്റെ നിറംമങ്ങിയ പ്രകടനത്തെ തുടർന്ന് മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെ, സഹപരിശീലകരായ ബിയോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. മികായേൽ സ്റ്റാറെ ഉൾപ്പെടെ ടീം വിട്ടതായി കേരള ബ്ലാസ്റ്റേഴ്‌സ് വക്താവ് അറിയിച്ചു. മൂവരും ചുമതലകൾ ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന കാലയളവിൽ നൽകിയ സംഭാവനകൾക്ക് നന്ദിയും അറിയിച്ചു. ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.ഷ

ദയനീയം

സീസണിലെ 12 കളികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്ലാ‌സ്റ്റേഴ്‌സ് ജയിച്ചത്. 11 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുമാണ്. 7 മത്സരങ്ങളിലും തോറ്റു. മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിനെതിരായ 3-2ന്റെ തോൽവിക്ക് പിന്നാലെയാണ് സ്റ്റാറെയെ മാറ്റാൻ ക്ലബ് അധികൃതർ തീരുമാനിച്ചത്.

ടീമിന്റെ തുടർച്ചയായുള്ള മോശം പ്രകടനം കാരണം ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പടയും പ്രതിഷേധമറിയിച്ചിരുന്നു.

താത്കാ‌ലിക ചുമതല

പുതിയ പരിശീലകൻ വരുന്നതുവരെ ബ്ളാസ്റ്റേഴ്‌സ് റിസർവ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകൻ ടി.ജി പുരുഷോത്തമൻ എന്നിവർക്ക് സീനിയ‌ർ ടീമിന്റെ താത്കാലിക ചുമതല നൽകി.