accident
ആലുവ പമ്പ് കവലയിൽ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് മുൻ ചക്രങ്ങൾ തെറിച്ച് പോയ നിലയിൽ

ആലുവ: മരത്തടികൾ കയറ്റിയ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് മുൻ ചക്രങ്ങൾ തെറിച്ച് പോയത് ആലുവ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി. ലോറിയുടെ ഡീസൽ ടാങ്കും അതിനിടയിൽ പൊട്ടിയത് ആശങ്ക പരത്തി. പമ്പ് കവലയിൽ നിന്ന് പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ പുലർച്ച അഞ്ചിനാണ് അപകടമുണ്ടായത്. റോഡിന് ഉയര താഴ്ച ഉള്ളതിനാൽ ഭാരം മുൻ വശത്തേക്ക് വന്ന് ആക്സിൽ ഒടിഞ്ഞതാണെന്ന് ഡ്രൈവർ പറഞ്ഞു. രാവിലെ മുതൽ വൈകിട്ട് അഞ്ച് മണി വരെ തടി മുഴുവൻ മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റിയ ശേഷമാണ് അപകടത്തിൽപ്പെട്ട ലോറി മാറ്റിയത്. തുടർന്ന് ഏറെ സമയത്തിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.