ആലുവ: നഗരം ചുറ്റാതെ സ്വകാര്യ ബസ് പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ കൈയേറ്റം ചെയ്യുകയും ബസിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തിയെയും യാത്രക്കാരെയും എറണാകുളത്ത് നിന്ന് ആലുവയിലേക്ക് വന്ന സംറ എന്ന ബസാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി.
ഇന്നലെ വൈകിട്ട് നാലിന് ആലുവ ബാങ്ക് കവലയിലാണ് സംഭവം. യാത്രക്കാരെ ഇറക്കിവിട്ട് ട്രിപ്പ് അവസാനിച്ചത് അനൂപ് ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാർ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ആലുവയിൽ സ്വകാര്യ ബസുകളിൽ ഗുണ്ടകളാണ് ജോലി ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും ശക്തമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ല. ഇനിയും ഇതു തുടർന്നാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്‌ലം പറഞ്ഞു.