കൊച്ചി: മിൽമ എറണാകുളം യൂണിയൻ തിരഞ്ഞെടുപ്പ് ജനുവരി 20 ന് നടത്തണമെന്ന ഡയറക്ടർ ബോർഡിന്റെ ആവശ്യം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കോഓപ്പറേറ്റീവ് തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. ജനുവരി 20ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെതിരെ യൂണിയൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. സഹകരണ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ സീറ്റുകൾ നിശ്ചയിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം യൂണിയൻ ഉന്നയിച്ചത്. ബൈലോയ്ക്ക് വിരുദ്ധമായി സീറ്റിന്റെ എണ്ണം നിശ്ചയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കമ്മിഷൻ നിഷേധിച്ചത്. എന്നാൽ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരമായതിനാൽ ഇതിൽ തെറ്റില്ലെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ഡയറക്ടർ ബോർഡിന്റെ ആവശ്യം വീണ്ടും പരിഗണിച്ച് മൂന്ന് ദിവസത്തിനുള്ളി​ൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചത്. സീറ്റിന്റെ എണ്ണം 16 ൽ നിന്ന് 17 ആയിട്ടാണ് വർദ്ധിപ്പിച്ചത്. സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുമായി സീറ്റ് നീക്കിവയ്ക്കണമെന്ന നിയമഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.