dinghi-boat

കൊച്ചി: വിനോദസഞ്ചാരത്തിനും ദുരന്തസന്ദർഭങ്ങളിൽ

രക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കാൻ കഴിയുന്ന

അഞ്ച് ഡിങ്കി ബോട്ടുകളുമായി സംസ്ഥാന ജലഗതാഗത വകുപ്പ്.

ഈ മാസം സർവീസിനെത്തുന്ന ഇവ ഏതുമേഖലകളിൽ

അനുവദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നിരക്കും നിശ്ചയിച്ചിട്ടില്ല.

പ്രവർത്തനം വിലയിരുത്തി കൂടുതൽ ഡിങ്കികൾ ലഭ്യമാക്കും. ബോട്ടുകൾക്ക് കടന്നുചെല്ലാനാകാത്ത കൈവഴികളിലുൾപ്പെടെ ഉപയോഗിക്കാം. അരൂരിലെ പ്രാഗ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഡിങ്കികൾ ജലഗതാഗതവകുപ്പ് ജീവനക്കാർ തന്നെയാണ് പ്രവർത്തിപ്പിക്കുക.

ജനവാസം കുറഞ്ഞ ഉൾനാടൻ ജലപാതകളിൽ യാത്രാസൗകര്യം ഒരുക്കുന്നതിനും ചെറുതോടുകളിൽ വിനോദസഞ്ചാരത്തിനും ഉപയോഗിക്കാം. അപകടസ്ഥലങ്ങളിൽ വേഗത്തിലെത്താനും കഴിയും. ബോട്ടുകൾക്ക് തകരാറുണ്ടായാൽ യാത്രക്കാരെ സുരക്ഷിതമായി മാറ്റാനും ഉപയോഗിക്കാം. പാലങ്ങളിൽനിന്നും ബോട്ടുകളിൽ നിന്നും ആളുകൾ കായലിലേയ്ക്ക് ചാടുന്ന സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനത്തിനും സഹായമാകും.

2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഡിങ്കി ബോട്ടുകൾ ആവശ്യത്തിന് ലഭ്യമല്ലായിരുന്നു. വെള്ളം ക്രമാതീതമായി ഉയർന്നിടങ്ങളിൽ പാലത്തിനടിയിലൂടെ ബോട്ടുകൾക്കോ വള്ളങ്ങൾക്കോ സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല.


പത്തുപേർക്ക് യാത്രചെയ്യാം

1 ബോട്ടുകൾ നിർമ്മിക്കുന്നത് റബറിൽ. വായു നിറച്ചാണ് ഉപയോഗിക്കുന്നത്.വായു ഒഴിവാക്കി മടക്കിയെടുക്കാം.

എവിടെയും വാഹനങ്ങളിൽ എത്തിക്കാം.

2. നിർമ്മാണ ചെലവ് 6 ലക്ഷം. എൻജിനിലാണ് പ്രവർത്തനം. വേഗത 6 നോട്ടിക്കൽ മൈൽ. നീളം 4.5 മീറ്റർ. വീതി 2 മീറ്റർ.സീറ്റിംഗ് ശേഷി 10.നിലത്ത് ഇരിക്കണം.

`വിനോദസഞ്ചാരത്തിനും രക്ഷാപ്രവർത്തനത്തിനും മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പ്രത്യേക താത്പര്യമനുസരിച്ചാണ് ബോട്ടുകൾ നിർമ്മിച്ചത്. വിജയിച്ചാൽ കൂടുതൽ ബോട്ടുകൾ നിർമ്മിക്കും

-ഷാജി വി. നായർ,

ഡയറക്ടർ,

ജലഗതാഗത വകുപ്പ്‌