
കൊച്ചി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ക്രിസ്‌മസ് ദിനം ഒഴിവാക്കി നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല. നിലവിലെ സർക്കുലർ തിരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്യാമ്പിൽ നിന്ന് ക്രിസ്‌മസിനു തലേന്ന് കുട്ടികളെ വീട്ടിൽ വിടണം. ക്രിസ്‌മസ് ദിനത്തിൽ വൈകിട്ട് ക്യാമ്പിൽ തിരിച്ചെത്തണം. ക്രിസ്‌മസിന് പിറ്റേന്ന് ക്യാമ്പ് അവസാനിക്കും.
ക്യാമ്പിനിടയിൽ ഇടവേള വരുന്നതിൽ പ്രോഗ്രാം ഓഫീസർമാരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ക്യാമ്പിന്റെ സുഗമമായ നടത്തിപ്പ് തടസപ്പെടും, വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യില്ല തുടങ്ങിയ ആശങ്കകളാണ് അവർ ഉന്നയിച്ചത്. സർക്കുലർ റദ്ദാക്കുമെന്ന് പ്രചാരണവുമുണ്ടായി. ഇടവേള ഒഴിവാക്കൽ അടുത്ത വർഷം പരിഗണിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരുടെ തീരുമാനം.
എൻ.എസ്.എസ് മാനുവൽ പ്രകാരം തുടർച്ചയായി ഏഴു ദിവസം ക്യാമ്പ് നടത്തണം. ഇടയ്ക്ക് ഒരു ദിവസം മുടങ്ങിയാൽ കേന്ദ്രത്തിൽനിന്ന് ഗ്രാന്റ് ലഭിക്കുന്നതിനും സർട്ടിഫിക്കറ്റ് കിട്ടുന്നതിനും തടസമുണ്ടാകും. എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ച ആദ്യമായാണ് ക്രിസ്‌മസ് ഒഴിവാക്കി നടത്താൻ നിർദ്ദേശിച്ചത്.സ്‌കൂളുകൾ അവരുടെ സൗകര്യമനുസരിച്ച് ഏഴു ദിനം ക്യാമ്പ് നടത്തുന്നതാണ് പതിവ് രീതി. ക്രിസ്‌മസിന് വീട്ടിൽ പോകണമെന്ന് നിർബന്ധമുള്ളവർക്ക് അതിന് അനുവാദവുമുണ്ടായിരുന്നു.
പിരിവ് 
വേണ്ട
ക്യാമ്പ് നടത്താനുള്ള ഗ്രാന്റ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിക്കാനുള്ള ചില സ്‌കൂളുകളുടെ നീക്കം വിദ്യാഭ്യാസ വകുപ്പ് വിലക്കി. ദിവസം നൂറു രൂപ നിരക്കിൽ 50 പേരുടെ സംഘത്തിന് 35,000 രൂപയാണ് ഗ്രാന്റ്. ഒരാൾക്ക് നാലു നേരം ഭക്ഷണം ഉൾപ്പെടെ ചെലവുകൾക്ക് ഈ തുക പോരെന്ന പേരിലാണ് അനധികൃത പിരിവിന് നീക്കം..