
കൊച്ചി: ശബരിമലയിലെ ദേവസ്വം പിൽഗ്രിം സെന്ററായ 'പ്രണവ"ത്തിലെ ഡോണർ മുറികളിലൊന്ന് ഗുജറാത്തിലെ മരുന്നു കമ്പനി കൈവശം വച്ചിരിക്കുന്നതിൽ ഹൈക്കോടതി സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. 117-ാം നമ്പർ മുറി പൂട്ടിയിട്ട അവസ്ഥയിലാണെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുടെ നടപടി.
ഗസ്റ്റ് ഹൗസ് നവീകരണത്തിന് സാമ്പത്തികസഹായം നൽകുന്നവർ ദർശനത്തിനെത്തുമ്പോൾ തങ്ങാനാണ് ഡോണർ റൂം അനുവദിക്കുന്നത്. ഇതിന്റെ പേരിൽ ഫാംസൺ ഫാർമ കമ്പനി മുറി മുഴുവൻസമയവും കൈവശം വച്ചിരിക്കുകയാണ്. വിശ്വാസികൾ നിലത്ത് വിരിവച്ചുകിടക്കുമ്പോഴാണ് ഒരു മുറി ആരും ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വംബോർഡിന്റെ മനോഭാവം ഇങ്ങനെയാണെങ്കിൽ പൊലീസിനെ ഇടപെടുത്തേണ്ടിവരുമെന്നും ബെഞ്ച് പറഞ്ഞു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം, സന്നിധാനത്തെ ഫ്ലൈഓവറിന്റെ മേൽക്കൂരയിൽ നിന്ന് ചാടി കർണാടക സ്വദേശി മരിച്ച സംഭവത്തിൽ സർക്കാർ റിപ്പോർട്ട് നൽകി. അപകടമുണ്ടായ ഉടൻ ഇയാളെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ നില വഷളായി. കാഞ്ഞിരപ്പള്ളി മേരി ക്യൂൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിശദീകരണം. ഇതു സംബന്ധിച്ച് സന്നിധാനം എസ്.എച്ച്.ഒയുടേതടക്കം വിശദീകരണം കോടതി രേഖപ്പെടുത്തി.